'30 ഓളം വീടുള്ള ഏരിയയാണ് ഈ കാണുന്നത്...ഇന്നവിടെ ഒന്നുമില്ല..'; ഉരുള്‍പൊട്ടല്‍ ചൂരല്‍മലയില്‍ അവശേഷിപ്പിച്ചത്...
|ചൂരൽമല സ്‌കൂൾ റോഡിൽ ഏകദേശം 120 ഓളം വീടുകൾ ഉണ്ടായിരുന്നു.ഇന്ന് മൂന്നോ നാലോ വീടുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും സിജോ
ചൂരൽമല: കണ്ണടച്ച് തുറക്കുംമുൻപേ എല്ലാം തുടച്ചുനീക്കിയായിരുന്നു മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിനീങ്ങിയത്. സന്തോഷത്തോടെയും സമാധനത്തോടെയും കഴിഞ്ഞിരുന്ന വീടുകൾ നിന്ന സ്ഥലങ്ങളെല്ലാം വെറും ചെളിയും പാറക്കൂട്ടങ്ങളുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉരുൾപൊട്ടൽ കൂടുതൽ നാശം വിതച്ച ചൂരൽമലയിൽ നൂറുക്കണക്കിന് വീടുകളെയാണ് ഉരുൾകൊണ്ടുപോയത്. അതുവരെ കൂടെയുണ്ടായിരുന്ന അയൽക്കാരും വീടുകളുമെല്ലാം നഷ്ടമായതിന്റെ വേദനയിലാണ് ചൂരൽമലയിലെ സിജോയും കുടുംബവും.
'രണ്ട് മണിയോടെ ശബ്ദം കേട്ട് വാതിൽ തുറന്നുനോക്കിയപ്പോ ഉരുള് പൊട്ടി വരുന്നതാണ് കണ്ടത്. അതോടെ കുടുംബത്തെക്കൂട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു'...സിജോ പറയുന്നു. ചൂരൽമല സ്‌കൂൾ റോഡിൽ ഏകദേശം 120 ഓളം വീടുകൾ ഉണ്ടായിരുന്നു.ഇന്ന് മൂന്നോ നാലോ വീടുകൾ മാത്രമാണ് അവശേഷിക്കുന്നത്.. 30 ഓളം വീടുകളുള്ള ഒരു ഏരിയ തന്നെ ഇല്ലാതായി. അതിൽ നാലുമുറികളുള്ള ക്വാട്ടേഴ്‌സുണ്ടായിരുന്നു. ഇന്നവിടെ ഉള്ളത് തറയെന്ന് തോന്നുന്ന കുറച്ച് കോൺഗ്രീറ്റ് ഭാഗങ്ങൾ മാത്രമാണ്..സിജോ വേദനയോടെ പറയുന്നു.
'ഉരുൾപൊട്ടുന്നതിന്റെ ശബ്ദം കേട്ടപ്പോൾ ഇറങ്ങിഓടി.അടുത്തുള്ളവരെ വിളിക്കാൻ പോലും സാധിച്ചില്ല. മോന്റെ കൂടെ എപ്പോഴും കളിക്കാൻ വരുന്ന കുഞ്ഞിന്റെ മൃതദേഹം ഇന്നലെ കിട്ടി. അടുത്തുള്ള താത്തയും മകളെയും ഇനിയും കിട്ടിയിട്ടില്ല'.. സിജോയുടെ ഭാര്യയും വാക്കുകളിൽ കണ്ണീർ നനവ് പടർന്നു.N