തൃക്കാക്കരയിൽ ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യൻ ലീഗ്
|ക്രൈസ്തവ സമുദായത്തിന് കൂടുതൽ നേട്ടമുണ്ടാക്കാൻ ശേഷിയുള്ളയാളെന്ന നിലയ്ക്കാണ് ജോ ജോസഫിനെ പിന്തുണയ്ക്കുന്നതെന്നാണ് ലീഗ് ചെയർമാൻ ആൽബിച്ചൻ മുരിങ്ങയിൽ അറിയിച്ചത്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യൻ ലീഗ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. ക്രൈസ്തവ സമുദായത്തിന് കൂടുതൽ നേട്ടമുണ്ടാക്കാൻ ശേഷിയുള്ളയാളെന്ന നിലയ്ക്കാണ് ജോ ജോസഫിനെ പിന്തുണയ്ക്കുന്നതെന്നാണ് ലീഗ് ചെയർമാൻ ആൽബിച്ചൻ മുരിങ്ങയിൽ അറിയിച്ചത്.
നേരത്തെ, ക്രിസ്ത്യൻ ലീഗ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആൽബിച്ചൻ മുരിങ്ങയിൽ പ്രഖ്യാപിച്ചിരുന്നു. ഹെൽമെറ്റ് തെരഞ്ഞെടുപ്പ് ചിഹ്നമായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽനിന്ന് ആൽബിച്ചൻ പിന്മാറുകയാണെന്ന് ക്രിസ്ത്യൻ ലീഗ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
തെരഞ്ഞെടുപ്പിലും സമുദായത്തിലും തന്നേക്കാൾ സ്വാധീനമുണ്ടാക്കാൻ മണ്ഡലത്തിലെ സ്ഥാനാർഥി ഡോക്ടർ ജോ ജോസഫിന് കഴിയുമെന്ന തിരിച്ചറിവാണ് ആൽബിച്ചന്റെ പിന്മാറ്റത്തിനു പിന്നിൽ. ഇതോടൊപ്പം ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കാൻ കഴിവുള്ള, ക്രൈസ്തവ യുവതയ്ക്ക് മധുരമേകാൻ കെൽപ്പുള്ള ഹൃദയപക്ഷം ഡോക്ടറാണ് ജോ ജോസഫെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയയില്‍ വിദ്വേഷ ഉള്ളടക്കമുള്ള വിവാദ വിഡിയോകളിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ആല്‍ബിച്ചന്‍ മുരിങ്ങയില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. പാലായിൽനിന്ന് 121ഉം പൂഞ്ഞാറിൽനിന്ന് 205ഉം വോട്ട് നേടി. എന്നാൽ, സ്വന്തം ബൂത്തിൽ ഒറ്റ വോട്ടും ലഭിച്ചിരുന്നില്ല.
Summary: Christian League announces support for LDF candidate Joe Joseph in Thrikkakara bypoll