'ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നു'; വീടുപേക്ഷിച്ച് വിദേശത്ത് പോയാൽ അധിനിവേശം ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
|'നമ്മുടെ യുവതലമുറ ഉപേക്ഷിച്ചുപോവുന്ന ഭൂമിയേടുക്കാനുള്ള സംവിധാനം സഭയുണ്ടാക്കിയില്ലെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവിടെ അധിനിവേശങ്ങളുണ്ടാവും. അതിലൂടെ സഭയുടെ അടിത്തറ തകരും'.
പാലാ: ക്രിസ്ത്യൻ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുവതലമുറ വീടുകളും ഭൂമിയും ഉപേക്ഷിച്ച് വിദേശത്തേക്കു പോയാൽ വർഷങ്ങൾക്കുള്ളിൽ അവിടെ അധിനിവേശങ്ങളുണ്ടാവുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ ജോർജ് കുര്യൻ. പാലായിൽ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ്. തോമസ് കോളജും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സമുദായ ശാക്തീകരണം എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ജോർജ് കുര്യന്റെ പരാമർശം.
'ക്രിസ്ത്യൻ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനസംഖ്യ കുറയുന്ന ഈയവസരത്തിൽ ബുദ്ധിപരമായ ഇടപെടലാണ് ആവശ്യം. ഈ സമുദായം സമൂഹത്തിന് മുഴുവൻ ആവശ്യമാണെന്ന് മറ്റുള്ളവർക്ക് മുഴുവൻ തോന്നുവിധത്തിലുള്ള ഇടപെടൽ വേണം. അതിന്റെയടിസ്ഥാനത്തിൽ മാത്രമേ അധികാരത്തിന്റെ ശക്തികേന്ദ്രങ്ങളെ നമുക്ക് സ്വാധീനിക്കാനാവൂ. അതിന്റേതായ രീതിയിൽ നമ്മുടെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കണം. ജനസംഖ്യ വലിയ കാര്യം തന്നെയാണ്'- ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു.
'നമ്മുടെ യുവതലമുറ വിദേശത്തേക്കു പോവുന്നു എന്നതാണ് മറ്റൊന്ന്. നമ്മുടെ വീടുകളും ഭൂമിയും അന്യാധീനപ്പെടുന്നതാണ് അതിന്റെ അനന്തരഫലം. അത് സംരക്ഷിക്കാനുള്ള ചിന്ത ഈ സഭയുടെ നേതൃത്വത്തിനുണ്ടാവണം. അല്ലെങ്കിൽ അനഭിമതമായ അധിനിവേശം ഉണ്ടാവും'. അതേക്കുറിച്ച് താൻ വിശദീകരിക്കേണ്ട കാര്യമില്ലെന്നും അതുകൊണ്ട് വിജനമാവാൻ പോവുന്ന നമ്മുടെ ഭൂമികളും വീടുകളും കുടുംബങ്ങളും സംരക്ഷിക്കാനുള്ള ഒരു പദ്ധതി വേണമെന്നും ജോർജ് കുര്യൻ പറഞ്ഞു.
'അവരെ ഉപദേശിക്കണം. ഒന്നുകിൽ അവരുടെ സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ കൊടുക്കുക. അല്ലെങ്കിൽ പാവപ്പെട്ടവർക്ക് കൊടുക്കുക. അതുമല്ലെങ്കിൽ അതേറ്റെടുക്കാനുള്ള സംവിധാനം സഭയുണ്ടാക്കിയില്ലെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ അവിടെ അധിനിവേശങ്ങളുണ്ടാവും. അതിലൂടെ സഭയുടെ അടിത്തറ തകരും. പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയുണ്ടാവും. ഞാനത് നേരിട്ടുകാണുന്നതുകൊണ്ടാണ് പറയുന്നത്. നേരത്തെ ചിന്തിക്കേണ്ട കാര്യമാണ്'.
'ഏക്കറുകണക്കിന് ഭൂമി ആരുമില്ലാത്ത കിടക്കുന്ന അവസ്ഥ ഏതാനും വർഷങ്ങൾക്കുള്ളിലുണ്ടാവും. ആ ഭൂമിയെങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കണം. അധിനിവേശങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതായത്, ആൾപെരുമാറ്റം ഇല്ലാതെവന്നാൽ അവിടെ കുരങ്ങന്മാർ വരും. അത് വലിയ ശല്യമായി മാറും. വലിയ വന്യജീവികളൊക്കെ നാട്ടിലേക്ക് വരുന്നതിന്റെ കാരണം അതുതന്നെയാണ്. അതിനാൽ തീർച്ചയായും അതേക്കുറിച്ച് ചിന്തിക്കണം'- ജോർജ് കുര്യൻ വിശദമാക്കി.