ഗാസിയാബാദിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ചർച്ച്
|ഗാസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരെയാണ് ഞായറാഴ്ച യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശ്: ഗാസിയാബാദിൽ അറസ്റ്റിലായ മലയാളി പാസ്റ്ററും ഭാര്യയും മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ഷാരോൺ ഫെലോഷിപ്പ് ചർച്ച്. ഞായറാഴ്ച പ്രാർഥനക്കിടെയാണ് അറസ്റ്റുണ്ടായത്. വൈകിയാണ് അറസ്റ്റ് വിവരമറിഞ്ഞത്. ജാമ്യത്തിനായുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഷാരോൺ ഫെലോഷിപ്പ് ചർച്ച് ഡൽഹി സെക്രട്ടറി ജയകുമാർ മീഡിയവണിനോട് പറഞ്ഞു.
ആളുകളെ കൂട്ടുകയോ വാഗ്ദാനങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. സാധാരണയുള്ള പ്രാർഥനാ ചടങ്ങാണ് നടന്നത്. അതിനിടെയെത്തിയ ബജറംഗദൾ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നാലെ പൊലീസെത്തി പാസ്റ്ററെ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തതെന്ന് ജയകുമാർ പറഞ്ഞു.
ഗാസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരെയാണ് ഞായറാഴ്ച യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗദൾ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്. ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നായിരുന്നു പരാതി.