Kerala
കൈവെട്ട് സംഭവത്തിൽ സഭ ടി.ജെ ജോസഫിനൊപ്പം നിന്നില്ല; വെളിപ്പെടുത്തലുമായി പുസ്തകം
Kerala

കൈവെട്ട് സംഭവത്തിൽ സഭ ടി.ജെ ജോസഫിനൊപ്പം നിന്നില്ല; വെളിപ്പെടുത്തലുമായി പുസ്തകം

Web Desk
|
27 Jun 2021 6:21 AM GMT

സഭാ നവീകരണ പ്രവർത്തകനായ ജോർജ് മൂലേച്ചാൽ എഴുതിയ പുസ്തകത്തിലാണ് കേരളം ഏറെ ചർച്ച ചെയ്ത സംഭവത്തെ കുറിച്ച് പ്രതിപാദിക്കുന്നത്

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ സഭാ നേതൃത്വം ഇരയ്‌ക്കൊപ്പം നിന്നില്ലെന്ന ആരോപണവുമായി പുസ്തകം. സഭാ നവീകരണ പ്രവർത്തകനായ ജോർജ് മൂലേച്ചാൽ എഴുതിയ കെസിആർഎം ചരിത്രം, ഇടപെടലുകൾ, പഠനങ്ങൾ എന്ന പുസ്തകത്തിലാണ് കേരളം ഏറെ ചർച്ച ചെയ്ത സംഭവത്തില്‍ സഭ സ്വീകരിച്ച നിലപാടുകൾ പ്രതിപാദിക്കുന്നത്. ജോസഫിന് വേണ്ടി അനുഭാവം പ്രകടിപ്പിച്ച കെസിആർഎം പ്രവർത്തകരെ വൈദികരുടെ നേതൃത്വത്തിൽ റോഡിലിട്ട് തല്ലിയോടിച്ചെന്നും പുസ്തകം പറയുന്നു. മൂന്നു പതിറ്റാണ്ടിലെ സഭാ നവീകരണ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകമാണ് ജോർജ് മൂലേച്ചാലിന്റേത്.

ജോസഫിനെ ന്യൂമാൻ കോളജിൽ നിന്ന് പിരിച്ചുവിട്ട മാനേജ്‌മെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് ആക്രമണമുണ്ടായത്. സഭാ നവീകരണ പ്രസ്ഥാനമായ കെസിഎംആർ കൂടി ഭാഗഭാക്കായ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോതമംഗലം രൂപതാ കേന്ദ്രത്തിലേക്കായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനായി തൃശൂരിൽ നിന്നും പാലായിൽ നിന്നുമുള്ള പ്രവർത്തകർ രാവിലെ 11 മണിക്കു മുമ്പെ കോതമംഗലം കത്തീഡ്രൽ പള്ളിക്കു താഴെ ഹൈറേഞ്ച് കവലയിൽ എത്തിച്ചേർന്നിരുന്നു. പ്രതിഷേധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പള്ളിമുറ്റത്ത് കൂട്ടംകൂടി നിന്നിരുന്നവർ ജെസിസി പ്രവർത്തകരെ ഓടിച്ചിട്ടു തല്ലി. ജംഗ്ഷനിലുണ്ടായിരുന്ന പൊലീസെത്തിയാണ് പ്രവർത്തകരെ രക്ഷിച്ചത്- പുസ്തകം പറയുന്നു.


തല്ലു കൊണ്ടവരെ പ്രതികളാക്കുകയാണ് സഭാ നേതൃത്വം ചെയ്തതെന്നും പുസ്തകം ആരോപിക്കുന്നു. അതിങ്ങനെ;

'തങ്ങളെ അകാരണമായി ആക്രമിച്ചവർക്കെതിരെ മർദനത്തിന് ഇരയായവർ കോതമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി എഴുതി നൽകി...എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, പള്ളിയിൽ കുർബാന കണ്ടിരുന്നവരുടെയിടയിൽ ലഘുലേഖ വിതരണം ചെയ്ത് വിശ്വാസികളെ പ്രകോപിപ്പിച്ചു എന്ന തരത്തിൽ പിന്നീട് പള്ളിക്കാര്യത്തിൽനിന്ന് ആക്രമണത്തിനിരയായവർക്കെതിരെ നൽകിയ പരാതിയാണ് പൊലീസ് പരിഗണിച്ചത്! അങ്ങനെ പ്രധാന വാദികളായിരുന്ന ശ്രീ ജോയിപോൾ പുതുശ്ശേരിയും ശ്രീ ജോസും വികെ ജോയിയും (എല്ലാവരും തൃശൂരുകാർ) മുഖ്യപ്രതികളായി! അവർക്ക് വളരെക്കാലം കോടതി കയറിയിറങ്ങേണ്ടി വന്നു'


പ്രതിഷേധമൊന്നും കോതമംഗലം രൂപതാ മെത്രാന്റെയോ കോളജ് മാനേജ്‌മെന്റിന്റെയോ ഹൃദയങ്ങളിൽ ചലനമുണ്ടാക്കിയില്ലെന്ന് പുസ്തകം പറയുന്നു. ജോസഫിന്റെ ഭാര്യ സലോമിയുടെ ബലിദാനം തന്നെ അതിനു വേണ്ടി വന്നു. എന്നാൽ അതുപോലും അവരിൽ മനസ്സലിവുണ്ടാക്കിയില്ല. രൂപതാമെത്രാൻ എഴുതിയ ഇടയലേഖനമാണ് അതിന് തെളിവ്. വാസ്തവത്തിൽ കോതമംഗലം രൂപതയും ന്യൂമാൻ കോളജ് മാനേജ്‌മെന്റും കോളജ് പ്രിൻസിപ്പളും ഈ അധ്യാപകന്റെ വിവേചനശൂന്യമായ പ്രവൃത്തികളുടെ ഇരകളാക്കപ്പെടുകയായിരുന്നു എന്നാണ് മെത്രാൻ എഴുതിയത്- പുസ്തകം ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts