ദേവാലയങ്ങൾ ആരാധനക്കായി തുറക്കുവാൻ അനുവദിക്കണം: കാത്തലിക്ക് ഫോറം
|മാനസികമായും, സാമൂഹികമായും മറ്റ് വിഷമതകളാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവ വിശ്വാസികൾക്ക് ആരാധനാസ്വാതന്ത്ര്യം ചെറുതായ തോതിലെങ്കിലും ലഭിക്കുന്നത് ആശ്വാസകരമാണ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്രൈസ്തവ ദേവാലയങ്ങൾ ആരാധനയ്ക്കായി തുറക്കുവാനുള്ള അനുവാദം ഉടനടി അനുവദിക്കണമെന്ന് കാത്തലിക്ക് ഫോറം സർക്കാരിനോട് അഭ്യർത്ഥിച്ചു. രണ്ടാം ലോക് ഡൗൺ ഇളവുകൾ അനുവദിച്ചു തുടങ്ങുമ്പോൾ മദ്യശാലകളും, വ്യാപാരസ്ഥാപനങ്ങളും അവശ്യ സർവീസുകളു മൊക്കെ തുറന്നു കൊടുക്കുമ്പോൾ ആരാധനാലയം വിശ്വാസികൾക്കായി തുറന്നു കൊടുക്കുവാൻ കാണിക്കുന്ന വൈമനസ്യം വേദന ഉളവാക്കുന്നതാണ്.
വിവാഹം, മൃതസംസ്കാരം തുടങ്ങിയ കാര്യങ്ങൾക്കായി 20 പേരിൽ നിയന്ത്രിച്ചുകൊണ്ട് അനുവാദം കൊടുക്കുന്നത് പോലെ തന്നെ ആരാധനയ്ക്കായി അനുവാദം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഒന്നാം ലോക് ഡൗൺ ഇളവുകളുടെ സമയത്തും ഇത്തരം കാര്യങ്ങൾ അനുവദിച്ചത് വഴി ഒരുതരത്തിലുമുള്ള നിയന്ത്രണം ലംഘിക്കാതെ, ആരാധന നടത്തിയ മുൻ അനുഭവം നമ്മുടെ മുന്നിലുണ്ട്. മാനസികമായും, സാമൂഹികമായും മറ്റ് വിഷമതകളാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവ വിശ്വാസികൾക്ക് ആരാധനാസ്വാതന്ത്ര്യം ചെറുതായ തോതിലെങ്കിലും ലഭിക്കുന്നത് ആശ്വാസകരമാണ്. അനുഭാവപൂർണമായ നിലപാട് സർക്കാർ കൈക്കൊള്ളണമെന്ന് കാത്തലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോ ആവശ്യപ്പെട്ടു.