'ഹകീം ഫൈസി ആദൃശേരിയെ മാറ്റിനിർത്തരുത്'; സി.ഐ.സി അധ്യാപകർ പാണക്കാട്ട്
|30 വാഫി കോളജുകളിലെ അധ്യാപകരാണ് സാദിഖലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ടെത്തിയത്.
മലപ്പുറം: ഹകീം ഫൈസി ആദൃശേരിയെ സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിർത്തരുതെന്ന് ആവശ്യപ്പെട്ട് സി.ഐ.സി കോളജുകളിലെ അധ്യാപകർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി. ഹകീം ഫൈസിയെ മാറ്റിനിർത്തിയാൽ ഇത് വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കുമെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്. 30 കോളജുകളിലെ അധ്യാപകരാണ് പാണക്കാട്ടെത്തിയത്.
സി.ഐ.സി സ്ഥാപനങ്ങളിൽ അടുത്ത ദിവസം തന്നെ പരീക്ഷ തുടങ്ങേണ്ടതുണ്ട്. നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരീക്ഷ എഴുതില്ലെന്ന നിലപാടിലാണ് വിദ്യാർഥികളെന്നും പാണക്കാട്ടെത്തിയ അധ്യാപകർ സാദിഖലി തങ്ങളെ അറിയിച്ചു. ഹകീം ഫൈസിക്ക് പിന്തുണ അറിയിച്ച് സി.ഐ.സിയിലെ വിദ്യാർഥികളും നേരത്തെ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടിരുന്നു.
സമസ്തയുടെ ആദർശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഹകീം ഫൈസിയെ പുറത്താക്കിയത്. പിന്നീട് സി.ഐ.സി ചെയർമാനായ സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ഹകീം ഫൈസി സി.ഐ.സിയിൽനിന്ന് രാജി സമർപ്പിച്ചിരുന്നു. സി.ഐ.സി ജനറൽ ബോഡിയുടെ അന്തിമ തീരുമാനത്തിന് വിധേയമായി രാജി സമർപ്പിക്കുന്നുവെന്നാണ് ഹകീം ഫൈസി രാജിക്കത്തിൽ പറഞ്ഞത്. തുടർന്ന് വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ സമസ്ത സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.