Kerala
ഡ്രൈവർമാർക്ക് പരിചയമില്ല, കെ -സ്വിഫ്റ്റ് ബസ്‌ അപകടങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിഐടിയു
Kerala

ഡ്രൈവർമാർക്ക് പരിചയമില്ല, കെ -സ്വിഫ്റ്റ് ബസ്‌ അപകടങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിഐടിയു

Web Desk
|
15 April 2022 5:59 AM GMT

കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന് സിഐടിയു

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്‌ അപകടങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പരിചയമില്ലാത്തവരാണ് ബസ് ഓടിക്കുന്നതെന്നും സിഐടിയു നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.ഇ വർക്കിങ് പ്രസിഡൻറ് സി.കെ. ഹരികൃഷ്ണൻ. അപകട വാർത്തകൾ ശുഭകരമല്ലെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവർമാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലുള്ള പ്രതിസന്ധിയുടെ പാപഭാരം ജീവനക്കാരുടെ തലയിൽ വെക്കേണ്ടെന്നും പ്രശ്‌ന പരിഹാരത്തിനായി 19 ന് ചീഫ് ഓഫീസ് ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളിൽ മാനേജ്മെന്റിന് പിടിവാശിയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കെ.എസ്.ആർ.ടി.സിയെ ബാധിക്കുന്ന വൈറസായി അവർ മാറരുതെന്ന് ആവശ്യപ്പെട്ടു. പിടിപ്പുകേടിന്റെ പര്യായമാണ് മാനേജ്മെന്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെ. സ്വിഫ്റ്റ് അപകടത്തിന് കാരണം ഡ്രൈവർമാരുടെ പരിചയ കുറവാണെന്നും സ്വിഫ്റ്റ് തുടങ്ങിയത് കെഎസ്ആർടിസിയുടെ നാശത്തിന് കാരണം തൊഴിലാളി യൂണിയനുകളാണെന്ന് വരുത്തി തീർക്കാനാണെന്നും കെഎസ്ആർടിഇയു (എഐടിയുസി) ജനറൽ സെകട്ടറി എം.ജി രാഹുൽ ആരോപിച്ചു.

ഏറ്റവുമൊടുവിൽ താമരശേരി ചുരത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചിരുന്നു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്‌സ് ഏയർ ബസാണ് താമരശേരി ചുരത്തിൽ ഭിത്തിയിലിടിച്ചത്. ഇന്നലെ രാത്രി എട്ടാം വളവിലെ ഭിത്തിയിലാണ് ബസിടിച്ചത്. താമരശേരി ചുരത്തിലെ ആറാം വളവിൽ ഇന്നലെ തിരുവനന്തപുരം - മാനന്തവാടി കെഎസ്ആർടിസി സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു. നേരത്തെ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി- സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സർവ്വീസുകൾ തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നിരുന്നത്. തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടിരുന്നത്. കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആർ.ടി.സിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. ചങ്കുവട്ടിയിൽ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അതേസമയം, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇന്ന് ശമ്പളമില്ലാത്ത വിഷുവാണ്. ആഘോഷങ്ങളൊഴിവാക്കി പ്രതിഷേധത്തിലാണ് തൊഴിലാളി യൂണിയനുകൾ. ശമ്പളം നൽകാനുള്ള തുക എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ പ്രതിസന്ധിയിലാണ് മാനേജ്‌മെന്റ്. വിഷുവും ഈസ്റ്ററും നഷ്ടപ്പെട്ടു. മാസാവസാനമെങ്കിലും ശമ്പളം നൽകുമോയെന്നാണ് ജീവനക്കാരുടെ ചോദ്യം. വരുമാനം വകമാറ്റിയതാണ് കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള കെ.എസ്.ആർ.ടി.ഇ.എ ആരോപിക്കുന്നു. മാനേജ്‌മെന്റിനെ പിരിച്ചു വിടണമെന്നു വരെ അവർ ആവശ്യപ്പെടുകയാണ്. ഇന്നലെ മുതൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ റിലേ നിരാഹാരത്തിലാണ് സി.ഐ.ടിയു.

അതേസമയം, കെ.എസ്.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടന ടി.ഡി.എഫ് മേയ് ആറിന് പണിമുടക്കും. തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങും.



CITU calls for probe into KSRTC Swift accidents

Similar Posts