സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ; പീച്ചിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി
|ആത്മഹത്യ കുറിപ്പിൽ ബ്രാഞ്ച് സെക്രട്ടറി ഗംഗാധരനെതിരെ ആരോപണമുണ്ടായിരുന്നു
തൃശൂർ:പീച്ചിയിൽ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി. ബ്രാഞ്ച് സെക്രട്ടറി ഗംഗാധരനെയാണ് മാറ്റിയത്. സി.ഐ.ടി.യു തൊഴിലാളി സജിയുടെ ആത്മഹത്യ കുറിപ്പിൽ ഗംഗാധരനെതിരെ ആരോപണമുണ്ടായിരുന്നു. തുടർന്നാണ് നടപടിയെടുത്തത്.
ഗംഗാധരൻ അഴിമതിക്കാരനാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും സജി നേരത്തെയും പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായി സജിയെ ഒറ്റപ്പെടുത്തുകയും ചെയ്തു. സി.ഐ.ടി.യുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സജി സ്വതന്ത്ര യൂണിയൻ രൂപീകരിച്ചത്. തുടർന്ന് പാർട്ടിയിൽ നിന്ന് വലിയ തോതിലുള്ള വിമർശനമുണ്ടായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.
ഏപ്രിൽ 10നായിരുന്നു സജി ആത്മഹത്യ ചെയ്തത്.പാർട്ടി പ്രവർത്തകരെ മൃതദേഹം കാണാനോ റീത്ത് വെയ്ക്കാനോ സജിയുടെ ബന്ധുക്കൾ അനുവദിച്ചിരുന്നില്ല.സജിയുടെ മരണത്തിൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.