Kerala
സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം; സംയുക്ത പ്രസ്താവനയുമായി എഴുത്തുകാരും സാമൂഹിക പ്രവർത്തകരും
Kerala

'സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം'; സംയുക്ത പ്രസ്താവനയുമായി എഴുത്തുകാരും സാമൂഹിക പ്രവർത്തകരും

Web Desk
|
23 July 2022 2:39 PM GMT

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനപരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം യുവതി രംഗത്തെത്തിയിരുന്നു

കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡന പരാതിയിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും സാമൂഹിക പ്രവർത്തകരും. പരാതിയിൽ സിവിക്കിനെ അറസ്റ്റ് ചെയ്യണമെന്ന് എഴുത്തുകാരും സാംസ്‌കാരിക, സാമൂഹിക പ്രവർത്തകരും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

എഴുത്തുകാരായ കെ.കെ കൊച്ച്, സി.എസ് ചന്ദ്രിക, സണ്ണി എം. കപിക്കാട്, ടി.ഡി രാമകൃഷ്ണൻ, അശോകൻ ചരുവിൽ, പി.കെ പോക്കർ, സംവിധായകൻ ജിയോ ബേബി, സാമൂഹിക പ്രവർത്തകരായ കെ. അജിത, രേഖ രാജ്, അഡ്വ. ഹരീഷ് വാസുദേവൻ, അഡ്വ. ആശ ഉണ്ണിത്താൻ, സുജ സൂസൻ ജോർജ്, ശ്രീജ നെയ്യാറ്റിൻകര, ബിന്ദു അമ്മിണി, പുരുഷൻ ഏലൂർ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡനപരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം യുവതി രംഗത്തെത്തിയിരുന്നു. സാംസ്‌കരിക പ്രവർത്തകൻ, കവി, കലാപ്രവർത്തകൻ എന്നെക്കെയുള്ള ബാനറിൽ അറിയപ്പെടുന്ന സിവിക് ചന്ദ്രനിൽനിന്ന് നേരിട്ട അനുഭവം വല്ലാത്തൊരു വെറുപ്പാണ് നിർമ്മിക്കുന്നതെന്നും ആ സമയം അയാൾക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ കഴിയാത്തതിലുള്ള വിഷമവും ഇന്നുണ്ടെന്നും 'വുമൺ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മന്റെ്' ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ യുവതി പറഞ്ഞു.

അയാളുടെ മകളെക്കാൾ പ്രായംകുറഞ്ഞ തന്നോട് ഇത്തരത്തിൽ പെരുമാറിയ അയാളെ ആളുകൾ ന്യായീകരിക്കുന്നത് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നുവെന്നും യുവതി എഴുതി. സിവിക് ചന്ദ്രൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടെന്ന് വ്യക്തമാക്കി നേരത്തെ എഴുത്തുകാരി ചിത്തിര കുസുമൻ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി യുവതി രംഗത്തുവന്നത്.

Summary: 'Civic Chandran should be arrested in sexual abuse case'; Writers and social activists ask in joint statement

Similar Posts