'സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണം'; വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് വടകര റൂറൽ എസ്.പിക്ക് നിവേദനം സമർപ്പിച്ചു
|പരാതിക്കാരി പരാതി നൽകി 2 ആഴ്ചയായെങ്കിലും ഇത് വരെ സിവികിനെ അറസ്റ്റ് ചെയ്തിട്ടില്ല
കോഴിക്കോട്: സിവിക് ചന്ദ്രനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് വടകര റൂറൽ എസ്.പിക്ക് നിവേദനം സമർപ്പിച്ചു. സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിയുടെ നേതൃത്വത്തിലാണ് വിമൻ ജസ്റ്റിസ് നേതാക്കൾ എസ്.പി.യെ കണ്ടത്. പരാതിക്കാരി പരാതി നൽകി 2 ആഴ്ചയായെങ്കിലും ഇത് വരെ സിവികിനെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതി നൽകിയ ശേഷം പരാതിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും അതിക്രമം നടന്ന സ്ഥലം പരിശോധിക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് തുടർ നടപടികൾ ഇല്ലാത്തത് സംശയകരമാണ്. എസ്.സി. എസ്. ടി.അട്രോസിറ്റി പ്രകരമുള്ള വകുപ്പുകൾ എഫ്.ഐ.ആറിൽ ഉണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് ആരോപണ വിധേയനെ സംരക്ഷിക്കാനാണെന്ന് സംശയമുണ്ടെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും എസ്.പി.യോട് ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയംഗം ഫൗസിയ ആരിഫ്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ജുമൈല എൻ.കെ, ജില്ലാ കമ്മിറ്റിയംഗം റസീന പയ്യോളി, വടകര മണ്ഡലം കൺവീനർ സാജിത ഏറാമല എന്നിവർ സംഘത്തിലുണ്ടായിരുന്നു.