Kerala
കെ.എ.എസ് ഉയർന്ന അടിസ്ഥാന ശമ്പളം: എതിർപ്പുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ
Kerala

കെ.എ.എസ് ഉയർന്ന അടിസ്ഥാന ശമ്പളം: എതിർപ്പുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ

Web Desk
|
3 Dec 2021 4:02 AM GMT

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

കേരള അഡ്മിസ്ട്രേറ്റീവ് സര്‍വീസില്‍ ഉയർന്ന അടിസ്ഥാന ശമ്പളം നിശ്ചയിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനെ എതിർപ്പ് അറിയിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. നിലവില്‍ നിശ്ചയിച്ച ശമ്പള വ്യവസ്ഥ അധികാര ക്രമത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ നൽകിയ കത്തിൽ പറയുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിനേക്കാളും അഖിലേന്ത്യാ സര്‍വീസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളേക്കാളും കൂടുതലാണ്. ഈ ശമ്പള വ്യവസ്ഥ ഭരണ സംവിധാനത്തിലെ അധികാരക്രമത്തെ പ്രതികൂലമായി ബാധിക്കും. ഇത് ഓഫീസ് പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കും. അഖിലേന്ത്യാ സര്‍വീസ് സംഘടനകളുടെ അസോസിയേഷനുകളുമായി ചര്‍ച്ച ചെയ്ത് വേണ്ട പരിഹര മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്.

81,800 രൂപയാണ് കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം. അനുവദനീയമായ ഡിഎ, എച്ച്ആർഎ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. മുൻ സർവീസിൽ നിന്നു കെഎഎസിൽ എത്തുന്നവർക്കു പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ (ഏതാണോ കൂടുതല്‍ അത്) നല്‍കും.

അസിസ്റ്റന്റ് കലക്ടര്‍ക്ക് ക്ഷാമബത്തയും പ്രത്യേക ബത്തയും ചേര്‍ത്ത് 74384 രൂപ ലഭിക്കുമ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കി വരുന്ന കെഎഎസുകാര്‍ക്ക് 105277 രൂപ ലഭിക്കും. ഇതാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. ഐപിഎസ് അസോസിയേഷനെ പ്രതിനിധീകരിച്ച് ബി അശോകും എം ജി രാമാണിക്യവുമാണ് മുഖ്യമന്ത്രിയെ പരാതി അറിയിച്ചത്. ഐഎഎസ് അസോസിയേഷന്‍ സെക്രട്ടറി ഹര്‍ഷിത അട്ടല്ലൂരിയും ഐഎഫ്എസ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഡോ പി പുകഴേന്തിയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. ഇത് തുടക്കത്തിലുള്ള അന്തരമാണെന്നും നിയമനം ലഭിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും കെഎഎസുകാരെ സിവില്‍ സര്‍വീസുകാര്‍ മറികടക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.







Similar Posts