Kerala
അപകീർത്തികരവും സത്യവിരുദ്ധവുമായ പ്രസ്താവന; കെ. സുധാകരനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് സി.കെ ശ്രീധരൻ
Kerala

'അപകീർത്തികരവും സത്യവിരുദ്ധവുമായ പ്രസ്താവന'; കെ. സുധാകരനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് സി.കെ ശ്രീധരൻ

Web Desk
|
21 Nov 2022 2:51 AM GMT

ടി.പി ചന്ദ്രശേഖരൻ കേസിൽ പി മോഹനൻ ഒഴിവാക്കപ്പെട്ടത് സി.കെ ശ്രീധരന്റെ സി.പി.എം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം

കാസർകോട്: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസംഗത്തിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പാർട്ടി വിട്ട കാസർകോട് മുൻ ഡി.സി.സി അധ്യക്ഷനും മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സി.കെ ശ്രീധരൻ. ടി.പി ചന്ദ്രശേഖരൻ കേസിൽ പി മോഹനൻ ഒഴിവാക്കപ്പെട്ടത് സി.കെ ശ്രീധരന്റെ സി.പി.എം ബന്ധം മൂലമെന്നായിരുന്നു സുധാകരന്റെ ആരോപണം. സി.കെ ശ്രീധരനായിരുന്നു ടി.പി കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ.

തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനയാണ് പൊതുയോഗത്തിൽ വെച്ച് സുധാകരൻ നടത്തിയത്. അപകീർത്തികരവും സത്യവിരുദ്ധവുമാണത്. കെ.സുധാകരന്റെ പ്രസ്താവനയിൽ കോടതിയലക്ഷ്യം ഉണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നും ശ്രീധരൻ പറയുന്നു. ക്രിമിനലും സിവിലുമായ നടപടി സ്വീകരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി.

ടി.പി വധക്കേസിലെ 14-ാം പ്രതിയായ പി. മോഹനൻ മാസ്റ്ററെ കോടതിയാണ് വെറുതെവിട്ടത്. കോടതി ഉത്തരവിനെതിരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന താൻ ഹൈക്കോടതിയിൽ അപ്പീൽ ഹരജി ഫയൽ ചെയ്തിരുന്നു. ഈ വസ്തുത സുധാകരൻ ഓർക്കുന്നത് നല്ലതാണെന്നും സി.കെ. ശ്രീധരൻ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച കാസർകോട് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സി.കെ. ശ്രീധരനെതിരെ രൂക്ഷവിമർശനമാണ് കെ. സുധാകരൻ നടത്തിയത്.ടി.പി വധക്കേസിന്‍റെ കാലം മുതൽ ശ്രീധരനും സി.പിഎമ്മും തമ്മിൽ ബന്ധമുണ്ട്. ഇതിന്‍റെ ഭാഗമായാണ് പി. മോഹനൻ കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. അതിന് അതിന്‍റേതാ‍യ കാരണങ്ങളുണ്ട്. ആ കാരണങ്ങളിൽ ഒന്നിന്‍റെ പരിണിത ഫലമാണ് ഈ ചുവടുമാറ്റമെന്നും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts