Kerala
Kerala State Chalachitra Academy
Kerala

ചലച്ചിത്ര അക്കാദമിയിൽ പ്രതിസന്ധി; ചെയർമാൻ സ്ഥാനത്തേക്ക് ആളെ കണ്ടെത്താൻ തിരക്കിട്ട നീക്കം

Web Desk
|
27 Aug 2024 1:37 AM GMT

നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വനിതയെ തന്നെ ചുമതലയിലേക്ക് കൊണ്ടുവരാനാണ് നീക്കം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ചുമതലയിൽ നടത്തപ്പെടേണ്ട പ്രധാനപ്പെട്ട പരിപാടികൾ നടക്കാനിരിക്കെ ചെയർമാൻ സ്ഥാനത്തേക്ക് ആളെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്‍റെ തിരക്കിട്ട ശ്രമം. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വനിതയെ തന്നെ ചുമതലയിലേക്ക് കൊണ്ടുവരാനാണ് നീക്കം. എന്നാൽ ചുമതല ഏൽപ്പിക്കാവുന്ന വനിത ആരെന്നതിൽ തീരുമാനമായിട്ടില്ല.

നവംബറിൽ സിനിമ കോൺക്ലേവ്, ഡിസംബറിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള, ചലച്ചിത്രമേളയ്ക്ക് മുമ്പ് നടത്തേണ്ട സംസ്ഥാന പുരസ്കാര വിതരണം അടക്കം വരാനിരിക്കുന്ന മാസങ്ങൾ ചലച്ചിത്ര അക്കാദമിക്ക് നിർണായകമാണ്. ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടന്നാൽ അക്കാദമി ചെന്നെത്തുന്നത് വലിയ പ്രതിസന്ധിയിൽ ആയിരിക്കും.

ആലപ്പുഴയിലുള്ള മന്ത്രി സജി ചെറിയാൻ മടങ്ങിയെത്തിയാൽ ഉടൻ ചെയർമാനെ കണ്ടെത്താനുള്ള ഔദ്യോഗിക ചർച്ചകൾ സാംസ്കാരിക വകുപ്പ് ആരംഭിക്കും. പിന്നാമ്പുറത്ത് ആളെ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമമാണ് നടക്കുന്നത്. വനിതയെ കൊണ്ടുവരണം എന്നതാണ് സർക്കാരിന്‍റെയും താൽപര്യം. അടൂർ, പ്രിയദർശൻ, കമൽ, ഷാജി എൻ കരുൺ, രാജീവ്, എന്നിങ്ങനെ ചെയർമാൻ സ്ഥാനത്ത് വന്നു പോയവരെല്ലാം തലപ്പൊക്കമുള്ള സംവിധായകരായിരുന്നു. ആ നിരക്ക് ഒക്കുന്ന ഒരാളെ കണ്ടെത്തലാണ് ശ്രമകരം. ചലച്ചിത്രപ്രവർത്തകർക്കിടയിൽ തന്നെ പല പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ ചർച്ചകൾക്ക് ചൂട് പിടിപ്പിക്കുന്നു.

മലയാള ചലച്ചിത്രരംഗത്ത് നിർണായകമായ ദിവസങ്ങളാണ് കടന്നുപോയത്. ചലച്ചിത്ര അക്കാദമിക്ക് ഇനി ഉണ്ടാകാൻ പോകുന്നത് ഒരു ചെയർപേഴ്സൺ ആണെങ്കിൽ അത് ചരിത്രത്തിൽ ആദ്യത്തെതാകും.



Similar Posts