Kerala
ഐ.എഫ്.എഫ്.കെ വേദിയിൽ സംഘർഷം; നൻപകൽ നേരത്ത് മയക്കം സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധം
Kerala

ഐ.എഫ്.എഫ്.കെ വേദിയിൽ സംഘർഷം; നൻപകൽ നേരത്ത് മയക്കം സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധം

Web Desk
|
12 Dec 2022 10:56 AM GMT

രാഷ്ട്രീയ പാർട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നൽകുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നുമാണ് ഡെലിഗേറ്റുകൾ ആരോപിക്കുന്നത്

തിരുവന്തപുരം: നൻപകൽ നേരത്ത് മയക്കം സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധം. റിസർവേഷൻ ചെയ്തവർക്ക് സീറ്റ് ലഭിച്ചില്ല എന്നാരോപിച്ചാണ് ഐ.എഫ്.എഫ്.കെ വേദിയിൽ പ്രതിഷേധം .തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുൻപിൽ ഡെലിഗേറ്റുകൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിക്കുന്നത്.

ലിജോ ജോസഫ് പല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മുട്ടി നായകനാകുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. 905 സീറ്റുകളിൽ 800 ഓളം സീറ്റുകള്‍ ഗസ്റ്റുകള്‍ക്കായി നൽകുന്നുവെന്ന പരാതിയും ഉണ്ട്. രാഷ്ട്രീയ പാർട്ടി നേതാക്കള്‍ക്കടക്കം ഗസ്റ്റ് പാസ് നൽകുകയും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നുമാണ് ഡെലിഗേറ്റുകൾ ആരോപിക്കുന്നത്. അറിയിപ്പ് എന്ന മലയാള സിനിമ പ്രദർശിച്ചപ്പോഴും സമാനമായ രീതിയിൽ സംഘർഷം ഉണ്ടായിരുന്നു.

രാവിലെ മുതൽ സിനിമ കാണാനായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൊലീസ് ഇടപെട്ട് സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചലചിത്ര അക്കാദമി ചെയർമാനെതിരെയും പ്രതിഷേധം ശക്തമാണ്. എന്നാൽ ചലചിത്ര അക്കാദമി ഇതുവരെ സംഘർഷത്തിൽ ഇടപെടാൻ തയാറായിട്ടില്ല.

Similar Posts