കൊല്ലം കോടതിയിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി; എ.എസ്.ഐക്ക് പരിക്ക്
|പരാതിയില്‍ കൃത്യമായ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതുവരെ കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം.
കൊല്ലം ജില്ലാകോടതിയിൽ അഭിഭാഷകരും പൊലീസും തമ്മിൽ കൈയാങ്കളി. കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ മർദിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകർ പൊലീസുകാരെ തടഞ്ഞു. കൈയാങ്കളിക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അഭിഭാഷകർ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു.
ആഗസ്റ്റ് ഏഴിനുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കരുനാഗപ്പള്ളിയിലുള്ള അഡ്വ. എസ്. ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മര്‍ദിച്ചതായി ആരോപണമുയരുകയും പൊലീസിനെതിരെ അഭിഭാഷകന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പരാതിയില്‍ വേണ്ട നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ഇന്ന് ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗത്തിനിടെ ചില പൊലീസുകാര്‍ കോടതിയിലെത്തി. തുടര്‍ന്നാണ് പൊലീസുകാരും അഭിഭാഷകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്തത്.
ഇതിനിടെയാണ് ഒരു പൊലീസുകാരന് പരിക്കേറ്റതും പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തതും. എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹമിപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, പരാതിയില്‍ കൃത്യമായ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതുവരെ കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനാണ് അഭിഭാഷകരുടെ തീരുമാനം. അനിശ്ചിതകാലത്തേക്ക് കോടതി നടപടികളില്‍ പങ്കെടുക്കേണ്ട എന്നാണ് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍, അഭിഭാഷകന്‍ മദ്യപിച്ച് റോഡില്‍ പ്രശ്‌നം ഉണ്ടാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. മര്‍ദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ മര്‍ദിച്ചിട്ടുണ്ടെന്നും പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.