Kerala
clash during ksu meeting
Kerala

കെപിസിസി ഓഫിസിൽ ​കെഎസ്‌യു ഭാരവാഹികൾ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിൽ തല്ലി

Web Desk
|
28 May 2023 2:14 PM GMT

പ്രായപരിധി കഴിഞ്ഞവരെയും വിവാഹിതരെയും കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയാണ് സംഘർഷത്തിൽ കലാശിച്ചത്

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന കെഎസ്‌യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും. പ്രായപരിധി കഴിഞ്ഞവരെയും വിവാഹിതരെയും കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയാണ് സംഘർഷത്തിൽ കലാശിച്ചത്. ചെന്നിത്തല , ഉമ്മൻചാണ്ടി പക്ഷം സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യറിന്റെ അനുകൂലികളുമായി ഏറ്റുമുട്ടുകയായിരുന്നു.

കെഎസ്‌യു നേതൃത്വം സ്ഥാനമേറ്റതിന് ശേഷമുളള രണ്ടാമത്തെ യോഗമാണ് കെപിസിസി ആസ്ഥാനത്ത് നടന്നത്. പത്ത് പേരിലധികം പ്രായപരിധി കഴിഞ്ഞവർ സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇതിൽ കുറച്ചുപേർ നേരത്തെ രാജിവെച്ചിരുന്നു. ബാക്കിയുള്ളവരെ പുറത്താക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഇതിനെ എതിർത്തു. ഇതോടെയാണ് മീറ്റിങ് സംഘർഷത്തിലേക്ക് നീങ്ങിയത്.

സംസ്ഥാന കമ്മിറ്റിയിലെ പ്രായപരിധി പിന്നിട്ടവരുടെയും വിവാഹം കഴിഞ്ഞവരുടെയും രാജി എന്‍ എസ് യു നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. 27 വയസെന്ന പ്രായപരിധി പിന്നിട്ട സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് മാത്രം ഇളവ് നല്‍കി മറ്റുള്ളവരുടെ രാജിയാണ് ആവശ്യപ്പെട്ടത്. കെ എസ് യു ബൈലോ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന വിമർശനങ്ങള്‍ നേരത്തെ ഉയർന്നിരുന്നു.

Related Tags :
Similar Posts