തസ്തിക അട്ടിമറി: കുസാറ്റിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം; പൊലീസ് സ്റ്റേഷനിലും പ്രതിഷേധം
|പ്രതിഷേധം നടത്തിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കൊച്ചി: കുസാറ്റിൽ തസ്തിക അട്ടിമറിയിലൂടെ അസിസ്റ്റന്റ് പ്രഫസറായ പി.കെ ബേബിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ലാത്തിച്ചാർജിൽ വനിതാ പ്രവർത്തകരടക്കം നിരവധി പേർക്ക് പരിക്കേറ്റു.
പ്രതിഷേധം നടത്തിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. താനടക്കമുള്ള വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ മർദിച്ചെന്ന് മിവ ജോളിയടക്കമുള്ളവർ ആരോപിച്ചു. സ്റ്റേഷനകത്തും പ്രതിഷേധിച്ച മിവ ജോളി അടക്കമുള്ളവരെ ലോക്കപ്പിലടച്ചിരിക്കുകയാണ്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് കളമശേരി സ്റ്റേഷനിലെ പ്രതിഷേധം.
12 മണിയോടെയായിരുന്നു കുസാറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ചുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പിന്മാറാൻ കൂട്ടാക്കാതിരുന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ ലാത്തിച്ചാർജും നടത്തി.
ഉദ്ഘാടനത്തിന് പോലും സമ്മതിക്കാതെയുള്ള നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കെ.എസ്.യു പ്രവർത്തകർ പറയുന്നു. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് കാര്യമായ പരിക്കേറ്റിണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു. എന്നാൽ പൊലീസിന് നേരെ കല്ലേറുണ്ടായതോടെയാണ് ലാത്തിച്ചാർജ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.