കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
|യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കണ്ണൂർ: നവകേരളാ സദസിനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിനിടെ സംഘർഷം. പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ നിന്നും കണ്ണൂരിലെ നവകേരളാ സദസ് വേദിയിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സ്റ്റേഡിയത്തിന് 50 മീറ്റർ മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മാറ്റി അകത്തേക്ക് കടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.
നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞു. കണ്ണൂർ എസിപി അടക്കമുള്ളവരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവർത്തകർ രണ്ടായി തിരിയുകയും ഒരു സംഘം ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. വനിതകളടക്കമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒടുവിൽ പ്രതിഷേധക്കാരിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഇന്നലെ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ നടന്ന സിപിഎം- ഡിവൈഎഫ്ഐ ആക്രമണത്തിൽ നാല് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിൽ സുധീഷെന്ന പ്രവർത്തകന്റെ നില ഗുരുതരമാണ്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
അക്രമം തടഞ്ഞവരെയും മർദിച്ചെന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.