പൂക്കോട് സര്‍വകലാശാലയില്‍ ക്ലാസുകള്‍ പുനഃരാരംഭിച്ചു; മുഖ്യപ്രതികളായ 5 പേരെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
|പൂക്കോട് വെറ്റിറനറി കോളേജ് ഹോസ്റ്റലില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിലെ വിവാദങ്ങള്‍ക്ക് പിന്നാലെ പൂട്ടിയ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ അഞ്ചുദിവസത്തിന് ശേഷം റെഗുലര്‍ ക്ലാസുകള്‍ പുനഃരാരംഭിച്ചു. അഞ്ച് ദിവസത്തിന് ശേഷമാണ് ക്ലാസുകള്‍ തുറന്നത്. കോളേജ് ഹോസ്റ്റലില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിലെ മൂന്ന് നിലകളിലും വാര്‍ഡന്മാരെ നിയമിച്ചിട്ടുണ്ട്. ഹോസ്റ്റലിന്റെ മുഴുവന്‍ ചുമതല ഒരാള്‍ക്കും നല്‍കിയിട്ടുണ്ട്. കൂടുതല്‍ സി.സി.ടി.വികളും സ്ഥാപിച്ചു. നിലവില്‍ സമരങ്ങളും സംഘര്‍ങ്ങളുമില്ലാത്ത അന്തരീക്ഷമാണ്.
കേസില്‍ മുഖ്യപ്രതികളെന്ന് കണ്ടെത്തിയ 5 പേരെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ ഇതുവരെ 20 പേരെയാണ് അറസ്റ്റ് ചെയ്തത്. സിന്‍ജോ ജോണ്‍സന്‍, ആര്‍.എസ് കാശിനാഥന്‍, അമല്‍ ഇഹ്‌സാന്‍ തുടങ്ങിയ പ്രധാന പ്രതികളെയാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
പ്രതികളെ കോളേജ് ഹോസ്റ്റലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു. കൂടുതന്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണം ജില്ലാപൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും.