'കേന്ദ്രത്തെ വിമർശിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു'; മുഖ്യമന്ത്രി
|'പ്രതിഷേധം ഒന്നും വകവയ്ക്കില്ല എന്ന നിലപാടാണ് ഭരണാധികാരികൾ സ്വീകരിക്കുന്നത്'
കൊല്ലം: കേന്ദ്ര സർക്കാരിനെതിരെ നിലപാട് എടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടപെടൽ നടത്തുന്നുവെന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കെജ്‌രിവാളിന്റെ അറസ്റ്റ് രാജ്യമാകെ അപലപിക്കുന്ന അവസ്ഥ ഉണ്ടായി. ഇത്തരം നടപടികൾ ആദ്യത്തേതോ അവസാനത്തെതോ അല്ല. നടപടികൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും'. പ്രതിഷേധം ഒന്നും വകവയ്ക്കില്ല എന്ന നിലപാടാണ് ഭരണാധികാരികൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്ത് നടന്ന സി.പി.എമ്മിന്റെ പൗരത്വ സംരക്ഷണ സദസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'ഭാവി എന്താകുമെന്ന് ഉത്കണ്ഠപ്പെടുന്ന കോടാനുകോടി ജനങ്ങൾ ഇന്ത്യയിലുണ്ട്. ഇങ്ങനെ എത്രനാൾ എന്ന ചോദ്യം ജനങ്ങൾ ചോദിച്ചു തുടങ്ങി. നമ്മുടെ രാജ്യം ഇത്തരത്തിലായിക്കൂടാ എന്ന ചിന്തയിലേക്ക് ഇന്ത്യയിലെ ജനങ്ങൾ എത്തുന്നു. ഭരണഘടനാ സ്ഥാപനങ്ങളിൽ അനാവശ്യമായ കൈ കടത്തൽ ഉണ്ടാകുന്നു..'അദ്ദേഹം പറഞ്ഞു.
ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് ഇലക്ടറൽ ബോണ്ട് വേണ്ടെന്ന് പറഞ്ഞത്.ഏറ്റവും ഉയർന്ന ബാങ്കിങ് സ്ഥാപനങ്ങൾ പോലും വിവരങ്ങൾ മറച്ചുവച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.