'മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും': ഇ ശ്രീധരന്‍
|പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം കേരളം മുഴുവന്‍ ഉണ്ടാകുമെന്നും ഇ ശ്രീധരന്‍
വൻകിടപദ്ധതികളുടെ വിശദമായ പദ്ധതി രേഖ പുറത്തുവിടില്ലെന്ന സർക്കാർവാദം വിചിത്രമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വർ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നതെന്നും ചെലവ് കുറച്ചു കാണിക്കുന്നതെന്നും ശ്രീധരന്‍ ചോദിച്ചു. താന്‍ തയ്യാറാക്കിയ പത്തിലധികം പദ്ധതികളുടെ ഡി.പി.ആർ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നതായും ഇ.ശ്രീധരൻ ചൂണ്ടിക്കാട്ടി.
'പദ്ധതിക്കായി എണ്ണൂറോളം ആർ.ഒ.ബികൾ നിർമിക്കേണ്ടി വരും. ഇതിന് ഏകദേശം 16000 കോടി ചെലവ് വരും. ഇത് പക്ഷേ എസ്റ്റിമേറ്റിൽ കാണിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടതായി വരും, അതിനായി ഇനിയും കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും. വൻകിട പദ്ധതികളുടെ ഡി.പി.ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡി.പി.ആർ തയ്യാറാക്കിയ ആളാണ് താന്‍, അവയെല്ലാം പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നു.' ഇ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.
'സില്‍വര്‍ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം ട്രാക്കിന്‍റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ ഭിത്തി നിര്‍മിക്കേണ്ടിവരും. ഇതിനായി വേലികള്‍ നിര്‍മിക്കുകയെന്നത് അപര്യാപ്തമാണ്. 393 കിലോമീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈന് കടന്നുപോകേണ്ടിവരുന്നത്. ഇതിന്‍റെ ഭാഗമായി ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു കാരണമാകും. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാര്‍ഗങ്ങളെ ഈ സംരക്ഷണഭിത്തി തടസ്സപ്പെടുത്തും'.
'സംസ്ഥാനത്ത് പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്‍റെ അവസ്ഥ ഓര്‍മയില്ലേ?. പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും ഇനി അതുപോലെയാകും കേരളത്തിലെ 393 കിലോമീറ്ററിലും ആവര്‍ത്തിക്കുക'. ശ്രീധരന്‍ പറഞ്ഞു
അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനവ്യാപക സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. സിൽവർ ലൈൻ പദ്ധതി ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ ചേരണം എന്നതാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.