പാലാ ബിഷപ്പിനെതിരെ കേസെടുക്കില്ല, മാഫിയകള്‍ക്ക് മത ചിഹ്നം നല്‍കേണ്ട കാര്യമില്ല: മുഖ്യമന്ത്രി
|വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശന നടപടി തുടരും.
സമുദായങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കിയെടുക്കകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി. മാഫിയകളെ മാഫിയ ആയിത്തന്നെ കാണണമെന്നും, അതിന് മത ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നാര്‍കോട്ടിക് ജിഹാദ് പമാര്‍ശത്തിന്റെ പേരില്‍ പാലാ ബിഷപ്പിനെതിരെ നടപടിയെടുക്കേണ്ട കാര്യമില്ല. ഏതെങ്കിലും മതസ്പര്‍ധയുണ്ടാക്കാന്‍ വേണ്ടിയല്ല, മറിച്ച്, തങ്ങളുടെ സമുദായത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഉദ്ദേശ്യമെന്നും സംഭവത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞിട്ടുള്ള കാര്യാണ്.
ലഹരി മാഫിയ ലോകവ്യാപകായ പ്രതിഭാസമാണ്. എന്നാല്‍ അതിന് മത ചിഹ്നം നല്‍കേണ്ട കാര്യമില്ല. വിദ്വേഷ പ്രചാരകര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാര്‍കോട്ടിക് മാഫിയ എന്നത് പണ്ടും കേട്ടിട്ടുള്ളതാണ്. എന്നാല്‍ നാര്‍കോട്ടിക് ജിഹാദ് എന്നത് മനസ്സിലാക്കാന്‍ പറ്റാത്ത കാര്യമാണ്. അത്തരം ഏതെങ്കിലും പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് എവിടെയും നടക്കുന്നില്ല.
പുറംരാജ്യങ്ങളിലുള്ളതു പോലെ ഇവിടെ വലിയ മാഫിയകള്‍ ആയി ലഹരി സംഘങ്ങള്‍ വളര്‍ന്നിട്ടില്ല എന്നുള്ളതാണ് സത്യം. സര്‍ക്കാരുകളെക്കാള്‍ ശക്തരായ നാര്‍കോട്ടിക് മാഫിയകളെ പോലെ സംസ്ഥാനത്തോ രാജ്യത്തോ സംഘടിതമായി ഏതെങ്കിലും സംഘങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.