മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രമാണ്: കെ.സുധാകരൻ എം.പി
|മുഖ്യമന്ത്രി ഹരിചന്ദ്രനൊന്നുമല്ലെന്ന് കൈതോലപ്പായ വിഷയത്തിലൂടെ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണെന്ന് കെ.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു
സി.എം.ആർ.എല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയ പട്ടികയിലെ പി.വി എന്ന ചുരുക്കപ്പേര് തൻറെതല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ എംപി. സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ കൃത്യമായി പിണറായി വിജയൻ എന്ന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ല. നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്റ്റാറ്റിയൂട്ടറി ബോഡിയായ ഇന്ററിം സെറ്റിൽമെൻറ് ബോർഡിൻറെ റിപ്പോർട്ടിലാണ് സി.എം.ആർ.എല്ലുമായി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കെന്ന സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് പറയുന്നത്.
അതിനെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിക്കാനുള്ള പിണറായി വിജയൻറെ തൊലിക്കട്ടി അപാരം തന്നെ. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുദ്ദേശിച്ചുള്ള ഒരു റിപ്പോർട്ടായിരുന്നെങ്കിൽ അതിനെതിരെ ഇത്രനാളായിട്ടും എക്‌സാലോജിക്കോ, മുഖ്യമന്ത്രിയോ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി വായ തുറക്കുന്നത് പച്ചക്കള്ളം പറയാനും ആരെയെങ്കിലും അധിക്ഷേപിക്കാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രമാണ്.
മുഖ്യമന്ത്രി ഹരിചന്ദ്രനൊന്നുമല്ലെന്ന് മുൻ ദേശാഭിമാനി എഡിറ്ററുടെ കൈതോലപ്പായയിൽ പൊതിഞ്ഞ ലക്ഷങ്ങൾ എന്ന വെളിപ്പെടുത്തലിലൂടെ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. സി.എം.ആർ.എൽ എന്ന കമ്പനിക്ക് എക്‌സാലോജിക്ക് എന്തുസേവനമാണ് നൽകിയതെന്ന് ഇതുവരെ വ്യക്തമല്ല. സി.എം.ആർ.എൽ അവർക്ക് ലഭിക്കാത്ത സേവനത്തിന് ഇത്രവലിയൊരു തുക സ്ഥിരമായി മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെങ്കിൽ അതെല്ലാം രാഷ്ട്രീയ താൽപര്യത്തോടുള്ള ഇടപാടാണ്.
ഇതിന് പിന്നിൽ അഴിമതിയുണ്ട്. അത് ഗണിക്കാൻ സമാന്യ ബുദ്ധി മതിയെന്നും അത് കേരള ജനതയ്ക്കുണ്ടെന്നും മുഖ്യമന്ത്രി മറക്കരുത്. ആരോപണങ്ങൾ ഉയർന്നപ്പോൾ മുങ്ങിയ മുഖ്യമന്ത്രി ഏഴുമാസത്തെ ഇടവേളക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ അവരുടെ ചോദ്യത്തിന് മറുപടി ഇല്ലാത്തതിനാലാണ് വിടുവായത്തം പറഞ്ഞ് തടിതപ്പിയതെന്നും സുധാകരൻ പരിഹസിച്ചു.