ഹാനി ബാബുവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
|ഈ മാസം മൂന്നിനാണ് ഹാനിബാബുവിന് ഇടതുകണ്ണിൽ അണുബാധയുണ്ടായത്.
ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളി അധ്യാപകൻ ഹാനി ബാബുവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഹാനിബാബുവിന് വിദഗ്ദ ചികിത്സ ലഭ്യമാക്കാൻ മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെടണമെന്ന കുടുംബത്തിന്‍റെ നിവേദനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഈ മാസം മൂന്നിനാണ് ഹാനിബാബുവിന് ഇടതുകണ്ണിൽ അണുബാധയുണ്ടായത്. തുടർന്ന് കുടുംബം സമ്മർദം ചെലുത്തിയതിനെ തുടർന്ന് ഒരു പ്രാവശ്യം ഹാനിബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് തുടർ ചികിത്സ നൽകണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടും ജയിലധികൃതർ തുടർ ചികിത്സ നൽകാനുള്ള നടപടികളെടുത്തില്ല. കുടുംബവും അഭിഭാഷകനും നിരന്തരം സമ്മർദം ചെലുത്തിയിട്ടും ജയിലധികൃതർ ചികിത്സ നൽകിയില്ല.
അതിനെ തുടർന്നാണ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം കത്തയച്ചിരുന്നു. അതിനു പിന്നാലെയാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.