ഗാർഹിക പീഡനം: കർശന നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദേശം
|സ്ത്രീപീഡന കേസുകൾക്കായി പ്രത്യേക കോടതികൾ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു
ഗാർഹികപീഡന പരാതികളിൽ കർശന നടപടിക്ക് പൊലീസിന് മുഖ്യമന്ത്രിയുടെ നിർദേശം. സ്ത്രീ പീഡന കേസുകൾക്കായി പ്രത്യേക കോടതികൾ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടിയെടുക്കണം. കുറ്റവാളികൾക്കെതിരെ ശിക്ഷ ഉറപ്പാക്കണം. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ നീണ്ടുപോകാതിരിക്കാൻ പ്രത്യേക കോടതികൾ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സ്ത്രീധന വിഷയങ്ങൾ അടുത്തിടെയായി കേരളത്തിൽ വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നിയമംമൂലം നിരോധിക്കപ്പെട്ട ഈ സാമൂഹിക വിപത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ ജീവിതം ഹോമിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത് ഇല്ലായ്മ ചെയ്യാനായി ചില പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവ വിജയകരമായി നടപ്പാക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആത്മാർത്ഥമായ സഹകരണം ആവശ്യമാണ്-മുഖ്യമന്ത്രി പറഞ്ഞു.
അതിക്രമങ്ങൾ തടയാൻ വാർഡുതലം മുതൽ ബോധവൽക്കരണം നടത്തും. സ്ത്രീകൾക്ക് ഭയമില്ലാതെ പരാതി നൽകാനുള്ള സാഹചര്യം ഒരുക്കണം. ഏതെങ്കിലും പ്രദേശത്ത് പൊലീസിൽ പോയി പരാതിപ്പെടാൻ സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അങ്ങോട്ടു ചെന്ന് പരാതി സ്വീകരിക്കാൻ സൗകര്യമൊരുക്കണം. ഇതിന്റെ ഭാഗമായി വനിതാ പൊലീസ് ഉദ്യോഗസ്ഥ പഞ്ചായത്തുകളിൽ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.