'ഞാനെത്രയോ വട്ടം പറഞ്ഞതല്ലേ, ചെത്തുകാരന്റെ മകനാണെന്ന്'; ലീഗിനെതിരെ പിണറായി
|"ഓരോ ആളും അവരുടെ സംസ്കാരം അനുസരിച്ചാണ് കാര്യങ്ങൾ പറയുന്നത്. ഞാൻ ആദ്യം പറഞ്ഞ കാര്യം പറയുകയാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. അതിനപ്പുറം അതേക്കുറിച്ച് ഒന്നും പറയാനില്ല"
മതനിരപേക്ഷ നിലപാടുകാരോട് മുസ്ലിം ലീഗിന് പുച്ഛമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത കാലത്തായി ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട്ട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ അച്ഛന്റെ പേരു ചേർത്ത് തനിക്കെതിരെ വിളിച്ച മുദ്രാവാക്യത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. തിരൂരിൽ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'എന്റെ അച്ഛൻ മരണപ്പെട്ടു പോകുന്നത് ഞാൻ കുട്ടിയാകുമ്പോഴാണ്. ആ ആച്ഛനും ഈ വഖഫ് ബോർഡിലെ പി.എസ്.സി നിയമനവുമായി എന്തു ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് മുദ്രാവാക്യം. പിന്നെ, അദ്ദേഹമൊരു ചെത്തുകാരനായിരുന്നു. ചെത്തുകാരന്റെ മകൻ എന്നു പറഞ്ഞാൽ എനിക്കെന്തോ ക്ഷീണമാണ് എന്നാണ് ലീഗുകാർ ധരിച്ചിരിക്കുന്നത്. എന്തൊരു അബദ്ധധാരണയാണത്. ഞാനെത്രയോ വട്ടം പറഞ്ഞതല്ലേ, ചെത്തുകാരന്റെ മകനാണ് ഞാനെന്ന്. അതിൽ അഭിമാനം കൊള്ളുന്നു.'- അദ്ദേഹം പറഞ്ഞു.
'ഓരോ ആളും അവരുടെ സംസ്കാരം അനുസരിച്ചാണ് കാര്യങ്ങൾ പറയുന്നത്. ഞാൻ ആദ്യം പറഞ്ഞ കാര്യം പറയുകയാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. അതിനപ്പുറം അതേക്കുറിച്ച് ഒന്നും പറയാനില്ല. ലീഗ് അടുത്ത കാലത്തായി ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി എടുത്തണിയാൻ ശ്രമിക്കുകയാണ്. എസ്ഡിപിഐയുടെ തീവ്രനിലപാടിലേക്ക് എത്താനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായി മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന എല്ലാവരെയും പുച്ഛിക്കുകയാണ്. തങ്ങൾ തന്നെ ആദരിച്ചിരുന്ന മഹത്തുക്കളെ വലിയ തോതിൽ ഇകഴ്ത്തിക്കാണിക്കുന്നു. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് അവർ ചിന്തിക്കണം. കോൺഗ്രസിന് സംഭവിച്ചത് നാം കണ്ടു. ലീഗിനും ഇതേ അവസ്ഥയാണ് വരാൻ പോകുന്നത്.'- മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് വിഷയത്തിൽ സർക്കാറിന് വാശിയില്ലെന്നും നിലവിൽ ഉള്ളിടത്ത് നിൽക്കട്ടെ എന്നാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുമായും ചർച്ച ചെയ്ത ശേഷം മാത്രമേ തുടർനിലപാട് എടുക്കൂ. സഭയിൽ നിയമം ചർച്ചയ്ക്കു വന്നപ്പോൾ ലീഗ് എതിർത്തിട്ടില്ല. നിലവിൽ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം വേണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്- അദ്ദേഹം ചൂണ്ടിക്കാട്ടി.