Kerala
Justices differ on Lokayuktas verdict on CMs relief fund plea

പിണറായി വിജയന്‍

Kerala

'വിഷാംശമുള്ളവർ വിഷം ചീറ്റിക്കൊണ്ടിരിക്കും'; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി

Web Desk
|
29 Oct 2023 4:01 PM GMT

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി നടത്തിയ വർഗീയ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വീക്ഷണത്തോടെ ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയെന്നും വിഷാംശമുള്ളവർ വിഷം ചീറ്റിക്കൊണ്ടിരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹമാസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വർഗീയ പ്രസ്താവന ഇറക്കിയത്. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാൽ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടതെന്നും കേരളത്തിൽ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങൾ നിരപരാധികളായ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണെന്നുമായിരുന്നു ട്വീറ്റ്.

ആക്രമണത്തിന് പ്രത്യേക മാനം നൽകാനുള്ള ശ്രമമാണ് കേന്ദ്രമന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തിയതെന്നും ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

കളമശ്ശേരി സ്‌ഫോടനം ദൗർഭാഗ്യകരമെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി എൻഐഎ അന്വേഷണത്തിന്റെ ആവശ്യം നിലവിലില്ലെന്നും പൊലീസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

എഡിജിപി എം.ആർ അജിത്കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. കൊച്ചി ഡിസിപി ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 20 പേരാണ് അന്വേഷണസംഘത്തിലുള്ളത്.

മറ്റ് കാര്യങ്ങൾക്ക് നാളെ നടക്കുന്ന സർവകക്ഷിയോഗത്തിൽ വ്യക്തത വരുമെന്നും സംഭവത്തിൽ പോസിറ്റീവായ സമീപനം സ്വീകരിച്ചതിന് മാധ്യമങ്ങൾ ഉൾപ്പടെയുള്ളവർക്ക് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Similar Posts