മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; സമര സമിതിയുമായി ചർച്ച നടത്തി
|സമരം നിർത്തണമെന്ന അഭ്യർഥന തള്ളി സമരസമിതി, നിരാഹാരം തുടരും
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു.
"നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോർഡ് അംഗീകരിക്കുകയും ചെയ്തു. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷൻ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങൾ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തിൽ നിലവിലുള്ള കേസുകളിൽ താമസക്കാർക്ക് അനുകൂലമായി സർക്കാർ കക്ഷി ചേരുന്നതാണ്.
നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സർക്കാർ സ്വീകരിക്കുന്നതാണ്. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കാൻ താമസക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകണം"- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നിരാഹാരസമരം തുടരുമെന്നാണ് സമര സമിതി അറിയിക്കുന്നത്. നേരിട്ട് ചർച്ച ചെയ്യാൻ അവസരം ഒരുക്കണമെന്ന് ഇവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡിഷ്യൽ കമ്മിഷനോട് സഹകരിക്കുമെന്നും വഖഫിന്റെ ആസ്തി വിവരപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് വരെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.
ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ , നിയമ മന്ത്രി പി. രാജീവ് , വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നീവരും വൈപ്പിൻ എം എൽ എ കെ. എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ , കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി ,മുരുകൻ ( എസ്. എൻ. ഡി.പി ) , പി.ജെ ജോസഫ് പ്രദേശവാസി ) എന്നിവരും പങ്കെടുത്തിരുന്നു.