ഏറെ ഭാവിയുള്ള ഒരു കലാകാരിയെ നഷ്ടപ്പെട്ടു; സുബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
|കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി
തിരുവനന്തപുരം: നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നെങ്കിലും സുബിയുടെ രോഗവിവരം അധികമാരും അറിഞ്ഞിരുന്നില്ല. നടിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് രാവിലെ 9.30ഓടെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബിയുടെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പിണറായി വിജയന്‍റെ കുറിപ്പ്
ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.