'പാർട്ടി ആക്രമണത്തിനിരയായപ്പോഴെല്ലാം അതിശക്തമായ പ്രതിരോധമൊരുക്കിയ നേതാവ്'
|''സഖാവിൻ്റെ പാർട്ടി പഠന ക്ലാസുകൾ ഒരു പാഠപുസ്തകത്തിൽ എന്നതുപോലെ പാർട്ടിപ്രവർത്തകരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതായിരുന്നു.''
തിരുവനന്തപുരം: തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂനിയൻ നേതാവുമായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുക്കുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണെന്നും മുഖ്യമന്ത്രി അനുസ്മരണക്കുറിപ്പില് പറഞ്ഞു.
സി.ഐ.ടി.യുവിൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. പ്രഗത്ഭനായ നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വർഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും മറ്റ് വിവിധ ചുമതലകൾ വഹിച്ചും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. സി.പി.എം രൂപീകരണഘട്ടത്തിൽ ആശയവ്യക്തത വരുത്തുന്നതിലും നയവ്യതിയാനങ്ങൾക്കെതിരെ പൊരുതി പാർട്ടി കെട്ടിപ്പടുക്കുന്നതിലും വഹിച്ച പങ്കും അവിസ്മരണീയമാണ്. അടിയന്തരാവസ്ഥക്കാലത്ത് ദീർഘകാലം ഒളിവിൽ കഴിഞ്ഞ അദ്ദേഹത്തിന് ജയിൽവാസം അനുഷ്ഠിക്കേണ്ടിയും വന്നു-പിണറായി അനുസ്മരിച്ചു.
''തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തുകൂടി നേത്യത്വം നൽകിയ ജാഥ സഖാവ് ആനത്തലവട്ടത്തിൻ്റെ സംഘാടക മികവിൻ്റെ ദൃഷ്ടാന്തങ്ങളിലൊന്നായി. 1954ൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് മുതലിങ്ങോട്ട് കയർ തൊഴിലാളി സമരങ്ങളിൽ സജീവമായിരുന്നു സഖാവ്. കയർ അപെക്സ് ബോർഡിൻ്റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം കയർ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു.
തൊഴിലാളിയുടെ ശബ്ദം നിയമസഭാ വേദിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് മാതൃകാപരമാണ്. സഭയിലെ സംവാദമായാലും പൊതുഇടങ്ങളിലെ പ്രക്ഷോഭമായാലും തൻ്റെ ഇടപെടലുകളെ ആകെ സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് അദ്ദേഹം പിന്തുടർന്നത്. സഖാവിൻ്റെ പാർട്ടി പഠന ക്ലാസുകൾ ഒരു പാഠപുസ്തകത്തിൽ എന്നതുപോലെ പാർട്ടിപ്രവർത്തകരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതായിരുന്നു. മാർക്സിസം-ലെനിനിസത്തെ പറ്റിയുള്ള അറിവ് അദ്ദേഹത്തെ പാർട്ടി പ്രവർത്തകരുടെ പ്രിയങ്കരനായ അധ്യാപകനാക്കി മാറ്റി.
പാർട്ടി ആക്രമിക്കപ്പെടുന്ന ഘട്ടത്തിലെല്ലാം പൊതുവേദികളിലും മാധ്യമങ്ങളിലും അവശത മാനിക്കാതെപോലും ചെന്നുനിന്ന് അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവും നടത്താനുള്ള സഖാവ് ആനത്തലവട്ടത്തിൻ്റെ കഴിവും സന്നദ്ധതയും എടുത്തുപറയേണ്ടതാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ അടക്കം ഒരുമിച്ച് പ്രവർത്തിച്ച കാലഘട്ടത്തിൽ സഖാവിൻ്റെ തെളിമയുള്ള കാഴ്ചപ്പാടുകളും സംഘടനാപാടവവും നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ നിലയിൽ വളരെ പ്രിയപ്പെട്ട ഒരു സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്.''
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആക്രമണത്തിനിരയായ ഘട്ടങ്ങളിലൊക്കെ പാർട്ടിയുടെ ശരിയായ നിലപാട് ജനങ്ങളിലെത്തിക്കാനും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ആനത്തലവട്ടം സജീവമായി ഇടപെട്ടിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിന് ആകെയും ഇടതുപക്ഷപ്രസ്ഥാനത്തിനും ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിനും വിശേഷിച്ചും കനത്ത നഷ്ടമാണ് സഖാവിൻ്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നത്. ആ സ്മരണകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന് കൂട്ടിച്ചേര്ത്തു.
Summary: Kerala CM Pinarayi Vijayan recalls that Anathalavattom Anandan was a leader who put up a strong defense for CPM whenever the party came under attack.