Kerala
ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രിയും; വിവാദ ബില്ലുകൾ അനിശ്ചിതത്വത്തിൽ
Kerala

ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രിയും; വിവാദ ബില്ലുകൾ അനിശ്ചിതത്വത്തിൽ

Web Desk
|
17 Sep 2022 12:59 AM GMT

ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനമെന്ന് ഗവർണർക്കെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് ശക്തമായതോടെ വിവാദ ബില്ലുകൾ അനിശ്ചിതത്വത്തിൽ. ഗവർണർ ബില്ലിൽ ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പായതോടെ രാഷ്ട്രീയമായി നേരുടാനുറച്ചാണ് സി.പി.എം. എന്നാൽ, നിലപാടിലുറച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണ് ഗവർണറുടെ നീക്കം. അതിനിടെ, കണ്ണൂർ വി.സിക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.

ഗവർണർക്കെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് ബില്ലുകളിൽ ഒപ്പുവയ്ക്കില്ലെന്ന ഗവർണറുടെ പരാമർശങ്ങൾ കൂടിയാണ്. ഒപ്പം മുഖ്യമന്ത്രി അറിയാതെ ബന്ധുനിയമനം നടക്കുമോയെന്ന ഗവർണറുടെ ചോദ്യവും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള പോര് ശക്തമായതോടെ വിവാദ ബില്ലുകൾ അനിശ്ചിതത്വത്തിലാവും.

നിയമസഭ പാസാക്കിയ സർവകലാശാലാ, ലോകായുക്ത ബില്ലുകൾക്ക് ഗവർണർ ഉടൻ അംഗീകാരം നൽകില്ലെന്ന് സർക്കാരിന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടാണ് ഗവർണർ സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് വേണം പ്രതികരിക്കാനെന്ന മുന്നറിയിപ്പ് മുതൽ പക്വതയില്ലെന്ന പരിഹാസം വരെ ഗവർണർക്കെതിരെ മുഖ്യമന്ത്രി നടത്തിയതും കരുതിക്കൂട്ടി തന്നെയാണ്.

ഗവർണറുടെ നീക്കങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അതിനാൽ ഇനി കാര്യങ്ങൾ രാഷ്ട്രീയമായി തന്നെ നേരിടാമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. മറുവശത്ത് ഗവർണറും ഉറച്ച നിലപാടിലാണ്. ലോകായുക്ത ബില്ലിന് അംഗീകാരം നൽകാത്തിടത്തോളം കാലം പഴയ അധികാരം തുടരും. ഇത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുമെന്ന് ഗവർണർക്കുമറിയാം. ഒപ്പം കണ്ണൂർ വി.സിക്കെതിരെ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതകളും ഗവർണർ തേടിയേക്കും. മുഖ്യമന്ത്രി തന്നെ മറുപടിയുമായി എത്തിയതോടെ ഗവർണറും കൂടുതൽ പരസ്യ പ്രതികരണത്തിലേക്ക് കടക്കും.

Summary: As the fight between the government and the governor intensified, the controversial bills will be uncertain

Similar Posts