'പ്രതിപക്ഷം പുകമറ സൃഷ്ടിച്ച് തടയാൻ ശ്രമിക്കുന്നു': എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി
|ബിജെപിയുടെ ഉച്ചഭാഷിണിയാണ് കോൺഗ്രസെന്നും ഇരുകൂട്ടരും 'ഇരുമെയ്യും ഒരു കരളും എന്ന പോലെ' എന്നും മുഖ്യമന്ത്രി
കോഴിക്കോട്: എഐ ക്യാമറ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെ പ്രതിപക്ഷം പുകമറസൃഷ്ടിച്ച് തടയാൻ ശ്രമിക്കുന്നു. സംസ്ഥാനത്ത് വികസനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയും യുഡിഎഫും പ്രവർത്തിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
"എന്തിനെയും എതിർക്കുക എന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷത്തിന്. എഐ ക്യാമറ പദ്ധതി പുകമറ സൃഷ്ടിച്ച് തടയാൻ ശ്രമിക്കുകയാണ്. ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ ശ്രമിക്കും. ബിജെപിയുടെ ഉച്ചഭാഷിണിയാണ് കോൺഗ്രസ്. ഇരു മെയ് ആണെങ്കിലും ഒരു കരൾ എന്ന പോലെ. പരിഹാസ്യമായ നിലയാണ് പ്രതിപക്ഷത്ത്. പ്രതിപക്ഷ നേതാവ് ആരാണെന്ന് പോലും സംശയം. കേരളത്തിൽ വികസനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയും യുഡിഎഫും പ്രവർത്തിക്കുന്നത്. വിവിധ വിഭാഗങ്ങളെ ആകർഷിക്കാനാണ് ബിജെപിയുടെ ശ്രമം. ഇത് കേരളത്തിൽ ചെലവാകില്ല". മുഖ്യമന്ത്രി പറഞ്ഞു.