Kerala
വിദേശയാത്ര വിജയകരം: ലക്ഷ്യമിട്ടതിനേക്കാൾ നേട്ടമുണ്ടായതായി മുഖ്യമന്ത്രി
Kerala

'വിദേശയാത്ര വിജയകരം': ലക്ഷ്യമിട്ടതിനേക്കാൾ നേട്ടമുണ്ടായതായി മുഖ്യമന്ത്രി

Web Desk
|
18 Oct 2022 1:07 PM GMT

സംസ്ഥാനത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു യാത്രയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: യൂറോപ്പിലേക്ക് നടത്തിയ യാത്ര വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു യാത്രയെന്നും വിചാരിച്ചതിനേക്കാൾ നേട്ടം യാത്രയ്ക്കുണ്ടായെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ഒക്ടോബറിലെ ആദ്യ രണ്ട് ആഴ്ച യൂറോപ്യൻ രാജ്യം സന്ദർശിച്ചിരുന്നു. ഒക്ടോബർ 1ന് പുറപ്പെടണം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോടിയേരിയുടെ വിയോഗത്തെ തുടർന്ന് യാത്ര നീട്ടി. സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്ക് ലക്ഷ്യം വെച്ചാണ് യാത്ര പ്ലാൻ ചെയ്തത്. അതെല്ലാം പൂർത്തിയാക്കാനായി. യാത്രയ്ക്ക് ലക്ഷ്യമിട്ടിരുന്നതിനേക്കാൾ നേട്ടമുണ്ടായി. പഠന മേഖലയിലെ സഹകരണം, തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കൽ എന്നിവയായിരുന്നു ലക്ഷ്യം. ഫിൻലൻഡ്, നോർവെ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദർശനം നടത്തിയത്.

പ്രധാന പരിപാടി ലോക കേരള സഭയുടെ മേഖലാ സമ്മേളനം ആയിരുന്നു ( യൂറോപ്യൻ , യു കെ )മലയാളി പ്രവാസി സമ്മേളനവും നടന്നു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നു. മന്ത്രിമാരായ പി രാജീവ്,വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ചീഫ് സെക്രട്ടറി അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക,കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവാസി സമൂഹത്തിന്റെ പിന്തുണ ആ സമ്മേളനത്തിൽ അഭ്യർഥിച്ചു. വിദേശത്തുള്ള പ്രൊഫഷണലുകളുടെ കഴിവും നൈപുണ്യവും വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ,വിദ്യാർഥി കുടിയേറ്റം,യൂറോപ്പിലേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ്, പ്രവാസി സംഘടനകളുടെയും ലോകകേരള സഭയുടെയും പ്രവർത്തന ഏകോപനം, സ്ഥിര കുടിയേറ്റം നടത്തിയവർക്ക് കൂടുതൽ സേവനങ്ങൾ നാട്ടിൽ നടത്തുന്നതിനുള്ള മാർഗങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

വിദേശയാത്രയിൽ കുടുംബം ഒപ്പം വന്നതിൽ അനൗചിത്യമില്ല. മാധ്യമങ്ങൾ യാത്രയ്‌ക്കൊരു ഉല്ലാസയാത്ര പ്രതീതിയാണ് നൽകിയത്. നാടിന് നേടാൻ കഴിഞ്ഞ കാര്യങ്ങളെപ്പറ്റി അവരൊന്നും പറഞ്ഞില്ല. യാത്ര കൊണ്ടുണ്ടായ നേട്ടങ്ങളും അവർ കണ്ടില്ല.പ്രതിപക്ഷവും ഇതേ രീതിയിലാണ് യാത്രയെ കണ്ടത്. അവരും കാര്യങ്ങൾ മനസ്സിലാക്കിയില്ല". മുഖ്യമന്ത്രി പറഞ്ഞു.

വിദേശയാത്ര വിവാദമായതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ പരസ്യപ്രതികരണം നടത്തുന്നത്. മന്ത്രിമാർക്കൊപ്പം നടത്തിയ വിദേശയാത്രയെക്കുറിച്ചു സംസാരിക്കാനാണ് വാർത്താ സമ്മേളനം എന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി സമ്മേളനം തുടങ്ങിയത് തന്നെ. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി കൂടി സമ്മേളനത്തിനെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

updating

Similar Posts