'രണ്ടുചേരിയിലെങ്കിലും ആ സൗഹൃദം വളരെ വലുത്'- ഉമ്മൻചാണ്ടിയെ ഓർത്ത് പിണറായി വിജയൻ
|പൊതുപ്രവർത്തനം രക്തത്തിൽ അലിഞ്ഞുചേർന്ന ഉമ്മൻചാണ്ടി അതിജീവന പോരാട്ടത്തിന്റെ കാര്യത്തിൽ ഉത്തമ മാതൃക ആണെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുമായുള്ള ആത്മബന്ധം തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമായി രണ്ട് ചേരിയിൽ നിന്നെങ്കിലും അദ്ദേഹവുമായി ഉണ്ടായിരുന്ന സൗഹൃദം വളരെ വലുതായിരുന്നെന്ന് മുഖ്യമന്ത്രി. ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിലായിരുന്നു പ്രതികരണം.
രാഷ്ട്രീയമായി തുടക്കം മുതൽ ഒടുക്കം വരെ തന്റെ എതിർച്ചേരിയിൽ നിന്ന ഉമ്മൻചാണ്ടിയെ കുറിച്ച് മുഖ്യമന്ത്രി ഓർത്തെടുത്തത് ഇങ്ങനെ. ഉമ്മൻചാണ്ടിയോട് തനിക്ക് യോജിപ്പും വിയോജിപ്പും ഉണ്ടായിരുന്നു. തിരിച്ച് അദ്ദേഹത്തിനും അങ്ങനെ തന്നെ. എന്നാൽ, മനസ്സിൽ ഉള്ളത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും സൗഹൃദവും തങ്ങൾക്ക് ഇടയിൽ എന്നും ഉണ്ടായിരുന്നു.
പൊതുപ്രവർത്തനം രക്തത്തിൽ അലിഞ്ഞുചേർന്ന ഉമ്മൻചാണ്ടി അതിജീവന പോരാട്ടത്തിന്റെ കാര്യത്തിൽ ഉത്തമ മാതൃക ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ഫൗണ്ടേഷനും വി ക്യാനും ചേർന്നാണ് വിദ്യാർഥികൾക്കായി സമ്മിറ്റ് സംഘടിപ്പിച്ചത്.
ഉമ്മൻചാണ്ടിയുടെ ജീവിത സന്ദേശം പുതിയ തലമുറയിലേക്ക് പകർന്നു നൽകുക എന്നതായിരുന്നു സമ്മിറ്റിൻ്റെ ഉദ്ദേശം... ഹയർസെക്കൻഡറി കോളജ് തലത്തിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ സമ്മിറ്റിന്റെ ഭാഗമായി.