ലോകകേരള സഭാ സമ്മേളനങ്ങളുടെ ചെലവു വഹിക്കുന്നത് സർക്കാരല്ല: മുഖ്യമന്ത്രി
|ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണ് സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി
ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് സംസ്ഥാന സർക്കാരല്ല വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണ് സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നതെന്നും ഇത് സർക്കാരല്ല ഏറ്റെടുക്കുന്നതെന്നും ലണ്ടനിലെ ലോക കേരള സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ധൂർത്തെന്ന് വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിദേശത്തേക്ക് യാത്ര പോകാൻ മുഖ്യമന്ത്രി ഓരോ കാരണം കണ്ടെത്തുകയാണെന്നും കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുകയാണെന്നത് ശുദ്ധനുണയാണെന്നും സാധാരണക്കാരന്റെ പണമാണിതെന്നുമായിരുന്നു സുധാകരന്റെ വിമർശനം.
"കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുന്നു എന്നത് ശുദ്ധനുണയാണ്. സാധാരണക്കാരന്റെ പണമാണിത്. മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ല. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കണം. നരേന്ദ്രമോദിയെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ യാത്രകളും. കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്തു വെച്ചില്ല. സംസ്‌കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ വിദേശത്തേക്ക് പോയി. അതുകൊണ്ടുള്ള നേട്ടമെന്താണെന്ന് പിണറായി ജനങ്ങളോട് പറയണം". സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.