ഏക സിവിൽകോഡിനെതിരെ നാളെ മുഖ്യമന്ത്രി നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും
|എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഏക സിവിൽകോഡിനെ എതിർക്കുന്നതിനാൽ പ്രമേയം ഐക്യകണ്ഠേന പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ നാളെ നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണു പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിൽനിന്നു പിന്മാറണമെന്നു പ്രമേയത്തിൽ ആവശ്യപ്പെടും.
118 ചട്ടംപ്രകാരമാണു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഏക സിവിൽകോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാൽ പ്രമേയം ഐക്യകണ്ഠേന പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ. ഏക സിവിൽകോഡിനെതിരെ നേരത്തെ സി.പി.എമ്മിന്റെയും യു.ഡി.എഫിന്റെയും കെ.പി.സി.സിയുടെയുമെല്ലാം നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറും ജനകീയ സംഗമങ്ങളും നടന്നിരുന്നു.
15-ാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് ഇന്നു തുടക്കമായിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനും ആദരമർപ്പിച്ച് ഇന്നു സഭ പിരിയുകയായിരുന്നു. നാളെമുതൽ വിവിധ വിഷയങ്ങളിൽ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.
Summary: The Kerala CM Pinarayi Vijayan will present a resolution against the Uniform Civil Code in the Legislative Assembly tomorrow