Kerala
പ്രതിപക്ഷ നേതാവ് കെഎസ്‌യുക്കാരനെ പോലെയായെന്ന് മുഖ്യമന്ത്രി; എതിരാളികളെ ഇല്ലാതാക്കുന്ന പഴയ പാർട്ടി സെക്രട്ടറിയായെന്ന് വി.ഡി സതീശൻ; സഭയിൽ വാക്‌പോര്
Kerala

പ്രതിപക്ഷ നേതാവ് കെഎസ്‌യുക്കാരനെ പോലെയായെന്ന് മുഖ്യമന്ത്രി; എതിരാളികളെ ഇല്ലാതാക്കുന്ന പഴയ പാർട്ടി സെക്രട്ടറിയായെന്ന് വി.ഡി സതീശൻ; സഭയിൽ വാക്‌പോര്

Web Desk
|
16 March 2022 6:25 AM GMT

തിരുവനന്തപുരം ലോ കോളേജ് വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നത്

തകർന്നുതകർന്ന് പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നും പഴയ കെഎസ്‌യുകാരനെ പോലെയോ യൂത്ത് കോൺഗ്രസുകാരനെ പോലെയോ അദ്ദേഹം ഉറഞ്ഞു തുള്ളുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് താഴരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് സതീശനും രംഗത്തെത്തി. തിരുവനന്തപുരം ലോ കോളേജ് വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോര് നടന്നത്.

കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്‌ഐക്ക് വലിയ സ്വീകാര്യതയുണ്ടെന്നും ആൺകുട്ടികളുടെ മാത്രം സംഘടന മാത്രമല്ലിതെന്നും ആയിരക്കണക്കിന് പെൺകുട്ടികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രബലമായ ഒരു വിദ്യാർഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണമെന്നും എസ്.എഫ് ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ന്യായികരണം ഗുണ്ടകൾക്ക് അഴിഞ്ഞാടാനുള്ള ലൈസൻസാണെന്നും സതീശൻ വിമർശിച്ചു.

പൊലീസ് നോക്കി നിൽക്കെയാണ് ലോ കോളേജിൽ സംഘർഷം നടന്നതെന്നും വിഷയത്തെ ന്യായീകരിക്കരുതെന്നും എസ്.എഫ്.ഐ പ്രവർത്തകരേയും ഗുണ്ടകളേയും കണ്ടാൽ തിരിച്ച് അറിയാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത് കണ്ടു നിൽക്കാനാകില്ലെന്നും ഇടപെടുമെന്നും വിഡി സതീശൻ പറഞ്ഞു. എസ്എഫ്‌ഐ അക്രമം നിസ്സാരമാക്കിയതിലും ഉചിത നടപടി സ്വീകരിക്കാത്തതിലും പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയതോടെയാണ് വാക്‌പോര് അവസാനിച്ചത്.

പ്രബലമായൊരു രാഷ്ട്രീയ പാർട്ടിയും സെക്രട്ടറി സ്ഥാനത്തിരുന്നതിനെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്ന് ചെയറിനെ ഓർമിപ്പിച്ച മുഖ്യമന്ത്രി രാഷ്ട്രീയ എതിരാളികളെ അതിജീവിച്ചാണ് താൻ ഇതുവരെ എത്തിയതെന്നും പറഞ്ഞു.

തിരുവനന്തപുരം ലോ കോളജിൽ ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് എസ്എഫ്ഐ-കെഎസ്‌യു സംഘർഷമുണ്ടായത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർക്ക് പരിക്കേറ്റു. യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു ഒരു ജനറൽ സീറ്റിൽ വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതെന്നാണ് കെഎസ്‌യു പ്രവർത്തകരുടെ ആരോപണം. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി സഫ്നയെ നിലത്തിട്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

CM says Leader of Opposition is like KSU; VD Satheesan says old party secretary who eliminates opponents; Word of mouth in the assembly

Similar Posts