Kerala
മുഖ്യമന്ത്രി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും  ഭീഷണിയാകുന്നു: ചെന്നിത്തല
Kerala

മുഖ്യമന്ത്രി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ഭീഷണിയാകുന്നു: ചെന്നിത്തല

Web Desk
|
12 Jun 2022 6:32 AM GMT

ഊരിപ്പിടിച്ച വാളുകൾക്കും ഉയർത്തിപ്പിച്ച കത്തികൾക്കും ഇടയിൽക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാൾ ഇന്ന് നൂറോളം പോലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ്‌ സ്വന്തം നാട്ടിൽ സഞ്ചരിക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ ജനജീവിതം ദുസ്സഹമാക്കിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറുന്നു…

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രി. ഇന്നലെ കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിനരികിൽ മാമോദീസ കഴിഞ്ഞു മടങ്ങുന്ന ഒരു കുടുംബത്തെ അവരുടെ സ്വന്തം വീട്ടിലേക്കു പോകുന്നതിൽ നിന്ന് ഒരു മണിക്കൂർ നേരമാണ് പിണറായിയുടെ പോലീസ് തടഞ്ഞുനിർത്തിയത്.

മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം കൊണ്ട്

14 മണിക്കൂറാണ് ഒരു നഗരത്തെ പോലീസ് ബന്തവസ്സിലാക്കുന്നത്. ആശുപത്രികളുടെ ഗേറ്റുകൾ മണിക്കൂറുകളോളം അടച്ചിടുന്നു. മനുഷ്യർക്ക് ബസ്സിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചു പോരാനോ കഴിയുന്നില്ല. ജനം നരകിക്കുകയാണ്.

ഈ മാന്യ ദേഹം പോകുന്ന വഴിയിൽ ചെറുകിട ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ പോലീസ് അനുവദിക്കുന്നില്ല.

മുഖ്യമന്ത്രിക്ക് അഗോറഫോബിയയാണ്.

പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകൾ സാധാരണക്കാരായ മനുഷ്യരാണ്. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നു. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടർന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഈ സംസ്ഥാനം ഇപ്പോൾ കാണുന്നത്.

ഊരിപ്പിടിച്ച വാളുകൾക്കും ഉയർത്തിപ്പിച്ച കത്തികൾക്കും ഇടയിൽക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാൾ ഇന്ന് നൂറോളം പോലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ്‌ സ്വന്തം നാട്ടിൽ സഞ്ചരിക്കുന്നത്.

മാധ്യമപ്രവർത്തകരെയും അവരുടെ ചോദ്യങ്ങളെയും ഭയക്കുന്ന, മൊബൈൽ ഫോണിനെ ഭയക്കുന്ന, ജനക്കൂട്ടത്തെ കാണുമ്പോൾ അതിനുള്ളിലാരെങ്കിലും കറുത്ത മാസ്ക്ക് വച്ചിട്ടുണ്ടോ എന്ന് പരതിനോക്കുന്ന മുഖ്യമന്ത്രി ഈ നാടിനൊരു പൊതുശല്യമായി മാറുകയാണ്.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്. കേരളത്തിലെ പോലീസുകാർ ഈ ഭീരുവും ദുർബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളൂ. അതുപക്ഷേ പൊതുജനങ്ങളുടെ മാസ്കിനും ഇട്ടിരിക്കുന്ന വസ്ത്രത്തിനും, പിടിച്ചിരിക്കുന്ന കുടക്കും, സഞ്ചരിക്കുന്ന റോഡിനും വിലക്കേർപ്പെടുത്തിയാകരുത്.

ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കൂടുതൽ ഭയപ്പെടാൻ പിണറായി തയ്യാറെടുക്കണം. കേരളത്തിലെ പ്രതിപക്ഷവും പൊതുജനതയും തെരുവിൽത്തന്നെയുണ്ടാകും, നിങ്ങൾ വിലക്കിയതോരോന്നും ധരിച്ചുകൊണ്ടുതന്നെ

Similar Posts