പി.സി ജോർജിനോട് മുഖ്യമന്ത്രിക്ക് പ്രതികാരബുദ്ധി: ഷോൺ ജോർജ്
|വസ്തുതകളാണ് പി സി പറഞ്ഞതെന്നും ഷോൺ ജോർജ്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പി.സി ജോർജിനോട് പ്രതികാര ബുദ്ധിയെന്ന് മകൻ ഷോൺ ജോർജ്. ഒരു മണിക്കൂറെങ്കിലും ജയിലിലിട്ടു എന്ന് ആരെയോ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു. വസ്തുതകളാണ് പി സി പറഞ്ഞതെന്നും ഷോൺ വ്യക്തമാക്കി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ റിമാന്റ് ചെയ്തതിനു പിന്നാലെയാണ് ഷോണിന്റെ പ്രതികരണം.
പൊലീസ് കാരണം പി.സി ക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നും പിസിയെ ഏതു വിധേനെയും ജയിലിലടക്കാനുള്ള പൊലീസ് നീക്കമാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോർജ് വ്യക്തമാക്കി. പൊലീസ് മർദ്ദിക്കുമെന്ന ഭയമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നിനെയും ഭയമില്ലെന്നായിരുന്നു പി.സി ജോർജിന്റെ മറുപടി. 14 ദിവസത്തേക്കാണ് പിസി ജോർജിനെ റിമാന്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നത്.
ഇന്നലെ അർധരാത്രിയാണ് പിസി ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മെയ് ഒന്നിനാണ് പി സി ജോർജ്ജിന് കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോർജ്ജ് വിദ്വേഷ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. ഇതിൽ വിശദമായ വാദം കേട്ട കോടതി പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.
ജാമ്യത്തിലിരിക്കെ വെണ്ണലയിൽ പിസി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും മജിസ്ട്രേറ്റ് അനുമതി നൽകി. പിന്നാലെ വെണ്ണല കേസിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായ പിസി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.