വീണ്ടും തിരുത്തി സുധാകരൻ: കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യില്ല
|കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചടങ്ങിന്റെ അധ്യക്ഷനാകും. മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ അനുസ്മരണ പ്രഭാഷണം നടത്തും
തിരുവനന്തപുരം: നാളെ തിരുവനന്തപുരത്ത് നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ ഉദ്ഘാടനം ഉണ്ടാകില്ലെന്ന് കെ.പി.സി.സി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചടങ്ങിന്റെ അധ്യക്ഷനാകും. മുഖ്യമന്ത്രി അടക്കമുള്ളവർ അനുസ്മരണ പ്രഭാഷണം നടത്തും. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നായിരുന്നു കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നത്.
കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, കെപിസിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉദ്ഘാടനം എന്നൊരു വാചകമില്ല. ഉദ്ഘാടന ചടങ്ങ് ഉണ്ടാകില്ലെന്നും അനുസ്മരണ ചടങ്ങിൽ കോൺഗ്രസ് നേതാക്കളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്ത് സംസാരിക്കുമെന്നും കെപിസിസി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. നാളെ വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിലാണ് അനുസ്മരണ ചടങ്ങ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ എതിർപാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ മറ്റൊരു പാർട്ടിയിലെ പ്രധാന അംഗം പങ്കെടുക്കുന്നത്.