Kerala
വയോധികയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ല, നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് മുഖ്യമന്ത്രി
Kerala

വയോധികയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ല, നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് മുഖ്യമന്ത്രി

Web Desk
|
2 Aug 2021 6:26 AM GMT

അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നത്

കൊല്ലം പാരിപ്പള്ളിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ കച്ചവടം ചെയ്ത വയോധിയകയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണമാണ് നടന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ചെന്നും പ്രാദേശിക ചാനലും സാമൂഹിക മാധ്യമങ്ങളും വഴി തെറ്റായ പ്രചാരണം നടന്നെന്നുമാണ് പൊലീസ് റിപ്പോർട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തുവന്നിരുന്നു. നിയന്ത്രണം ലംഘിച്ചു കച്ചവടം നടത്തിയപ്പോള്‍ ആളു കൂടുകയും തുടര്‍ന്നു പൊലീസ് നടപടിയെടുക്കുകയുമായിരുന്നു എന്നാണ്, ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പൊലീസ് നല്‍കിയ വിശദീകരണം. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വിഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഡി കാറ്റഗറിയില്‍ പെട്ട സ്ഥലത്ത് എല്ലാ കച്ചവടങ്ങള്‍ക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതു ലംഘിച്ചുകൊണ്ടു കച്ചവടം നടത്തിയപ്പോള്‍ നടപടിയെടുത്തു എന്നാണ് പൊലീസ് ഭാഷ്യം.




കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളി പരവൂര്‍ റോഡില്‍ സംഭവം നടന്നത്. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. ഇവരുടെ മീന്‍കുട്ട വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നത്. മീന്‍വില്‍പ്പനയ്ക്കായി ​പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി പൊലീസ് വലിച്ചെറിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് തട്ടിത്തെറുപ്പിച്ചതെന്നും മേരി പറയുന്നു.




Similar Posts