'നല്ല പിതൃത്വം ഉള്ളവർക്ക് വിഷമം തോന്നില്ല': ഷിയാസിന് മുഖ്യമന്ത്രിയുടെ മറുപടി
|നവകേരള സദസ്സിനെ എങ്ങനെ കൊച്ചാക്കാൻ പറ്റും എന്നാണ് ചിലർ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അധിക്ഷേപത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. നവകേരള സദസ്സിനെ എങ്ങനെ കൊച്ചാക്കാൻ പറ്റും എന്നാണ് ചിലർ നോക്കുന്നത്. ചിലർ എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ്. ചിലർ പിതൃത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥ വരുന്നു. നല്ല പിതൃത്വം ഉള്ളവർക്ക് ആരെങ്കിലും ചോദ്യം ചെയ്താൽ വിഷമം തോന്നില്ല. അധമ സംസ്കാരം വളർത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിൽ കെ എസ് യു മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധിക്ഷേപ പ്രസംഗം നടത്തുന്നത്. മുഖ്യമന്ത്രി കൊലപാതകിയാണെന്നും കരിങ്കൊടിയെ ഭയമാണെങ്കിൽ രാജി വെച്ച് പോകണമെന്നുമായിരുന്നു ഷിയാസിന്റെ വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ പ്രത്യേക ബസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിനെതിരെ ആയിരുന്നു കെ എസ് യുവിന്റെ പ്രതിഷേധ മാർച്ച്. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ പ്രയോഗിച്ചത്.