പി.വി അൻവറിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന ഉചിതം: ഹിന്ദുഐക്യവേദി
|വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുള്ള അൻവറിനെ മുഖവിലക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സ്വാഗതാർഹമാണെന്നും ആര്.വി ബാബു
തിരുവനന്തപുരം: എഡിജിപിക്കെതിരെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ സ്വാഗതം ചെയ്ത് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. അൻവറിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഉചിതമായെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആര്.വി ബാബു പറയുന്നു.
' വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുള്ള അൻവറിനെ മുഖവിലക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സ്വാഗതാർഹമാണ്. എഡിജിപി, പൊളിറ്റിക്കൽ സെക്രട്ടറി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിയതോടെ, അൻവറിനും സമാന മനോഭാവമുള്ള ജലീലിനും ഇനി ഇടതുപക്ഷത്തോടൊപ്പം നിൽക്കുക എന്നത് പരിഹാസ്യമായ നിലപാടാവുമെന്നും ആര്.വി ബാബു വ്യക്തമാക്കുന്നു.
ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം;
''അൻവറിനെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഉചിതമായി. സ്വർണ്ണക്കള്ളക്കടത്തുകാരേയും മയക്കുമരുന്ന് കടത്തുകാരേയും സംരക്ഷിക്കാനാണ് അൻവർ കെ.ടി ജലീലിൻ്റെ പിന്തുണയോടെ പൊലീസിനെതിരെ ആക്ഷേപമുന്നയിക്കുന്നത് എന്നാണ് പിണറായി വിജയൻ പറഞ്ഞ് വച്ചത്.
ഇവ രണ്ടിലും മലപ്പുറം ജില്ല ഒന്നാമതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഇസ്ലാമോഫോബിയ കൊണ്ടാണെന്ന ആരോപണം ജിഹാദികൾക്കും മാധ്യമങ്ങൾക്കും ഇനി ഉന്നയിക്കാം. വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുള്ള അൻവറിനെ മുഖവിലക്കെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സ്വാഗതാർഹമാണ്.
എഡിജിപിക്കെതിരെയും പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിയതോടെ അൻവറിനും സമാന മനോഭാവമുള്ള ജലീലിനും ഇനി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നത് പരിഹാസ്യമായ നിലപാടാവും''