Kerala
collector misused power
Kerala

തിരുവനന്തപുരം കലക്ടർ അധികാര ദുർവിനിയോഗം നടത്തി: പരാതിയുമായി ഡോക്ടർമാരുടെ സംഘടന

Web Desk
|
9 May 2024 10:10 AM GMT

സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തി എന്നാണ് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജ് അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയുമായി ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തി എന്നാണ് ആരോപണം. പരാതിയുമായി ആരോഗ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും സമീപിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് കലക്ടറുടെ ഓഫീസിൽ നിന്നും അടിയന്തരമായി ഒരു ഡോക്ടറെ കലക്ടറുടെ വസതിയിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഡി.എം.ഒയ്ക്ക് ഒരു ഫോൺവിളി എത്തിയത്. തിരക്കുള്ള ദിവസം ആണെന്നും ബുദ്ധിമുട്ടുണ്ടെന്നും ഡി.എം.ഒ മറുപടി നൽകി. എന്നാൽ സമ്മർദം വർധിച്ചതോടെ ജനറൽ ആശുപത്രിയിൽ നിന്നും ഒരാളോട് പോകാൻ ഡി.എം.ഒ നിർേദശം നൽകി.

കാലിലെ നഖം പഴുത്തതിനായിരുന്നു കലക്ടർക്ക് ചികിത്സ വേണ്ടിയിരുന്നത്. ഈ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ.ജി.എം.ഒ.എ. കളക്ടർ നടത്തിയത് അധികാര ദുർവിനിയോഗം ആണെന്ന് സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സാധാരണക്കാരായ ജനങ്ങൾക്ക് കലക്ടറുടെ നടപടി ബുദ്ധിമുട്ടുണ്ടാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർക്ക് പരാതി നൽകും. വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.



Similar Posts