Kerala
Collector order to inquiry into fire at At Kerala Paper Products Ltd Velloor Kottayam
Kerala

വെള്ളൂർ ‌തീപിടിത്തത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

Web Desk
|
6 Oct 2023 10:13 AM GMT

ഒക്‌ടോബർ 30നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്‌സ് ലിമിറ്റഡിലെ തീപിടിത്തത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പാലാ ആർ.ഡി.ഒ പി.ജി രാജേന്ദ്രബാബുവിനാണ് അന്വേഷണ ചുമതല. ഒക്‌ടോബർ 30നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

വൈക്കം ഡിവൈ.എസ്.പി, ജില്ലാ ഫയർ ഓഫീസർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ, കെ.എസ്.ഇ.ബി പാലാ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ഇന്നലെ വൈകുന്നേരം 6.15ഓടെയാണ് സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ പേപ്പർ നിർമാണത്തിനുപയോഗിക്കുന്ന യന്ത്രം പൂർണമായും കത്തിനശിച്ചു. ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് ഒരു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ കൈയ്ക്ക് പൊള്ളലേറ്റ തൊഴിലാളി ടൈസനെയും ശ്വാസതടസം നേരിട്ട വിനോദിനെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കഴിഞ്ഞ വർഷമാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.


Similar Posts