ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്ന കലക്ടറുടെ വാദം തെറ്റ്; കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ദ്വീപ് നിവാസികള്‍
|വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും.
ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവെന്ന കലക്ടറുടെ വാദം തെറ്റെന്ന് ദ്വീപ് നിവാസികള്‍. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും ദ്വീപ് നിവാസികള്‍ ആരോപിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒന്നരമാസം പിന്നിട്ടിട്ടും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നുണ്ടെന്നാണ് കോടതിയില്‍ ഭരണകൂടം അറിയിച്ചത്.
എന്നാല്‍, സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ദ്വീപിലെ യുവാക്കള്‍ ചേര്‍ന്ന് ചില വീടുകളില്‍ അത്യാവശ്യ സാധനങ്ങളെത്തിച്ചു. ഹൈക്കോടതി വിശദീകരണം തേടിയിട്ടും ഇതുവരെയും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് ദ്വീപ് നിവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ തിങ്കളാഴ്ച ലക്ഷദ്വീപിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുകാർ തിങ്കളാഴ്ച കരിദിനമാചരിക്കും. കൂടാതെ അഡ്മിനിസ്ടേറ്ററെ നേരിട്ട് കണ്ട് നിവേദനം നല്‍കാനും സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുന്നുണ്ട്. ഒരാഴ്ചയാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലുണ്ടാകുക.