തെരഞ്ഞെടുപ്പ് ചട്ടലംഘനം: തോമസ് ഐസകിനോട് വിശദീകരണം തേടി പത്തനംതിട്ട കലക്ടർ
|ഐസക് സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നു കാണിച്ച് യു.ഡി.എഫ് നൽകിയ പരാതിയിലാണ് നടപടി
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കിനോട് വിശദീകരണം ചോദിച്ച് ജില്ലാ കലക്ടർ. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കാണിച്ചാണ് കലക്ടർ നോട്ടിസ് നൽകിയത്. ഐസക് സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നു കാണിച്ച് യു.ഡി.എഫ് നൽകിയ പരാതിയിലാണ് നടപടി.
കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ-ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യു.ഡി.എഫ് കൺവീനർ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. ഇക്കാര്യത്തിൽ ഐസകിന് എന്താണു പറയാനുള്ളതെന്നാണ് കലക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണത്തിനനുസരിച്ചായിരിക്കും തുടർനടപടികൾ.
കുടുംബശ്രീയുടെ പരിപാടികളിൽ തുടർച്ചയായി പങ്കെടുക്കുന്നു, സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും സ്ഥിരം സാന്നിധ്യമാണ്, സർക്കാർ സംവിധാനമായ കെ-ഡിസ്ക് വഴി തൊഴിൽ വാഗ്ദാനം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് യു.ഡി.എഫ് ഉയർത്തിയത്. എന്നാൽ, താനൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നാണ് ഐസകിന്റെ വിശദീകരണം. പരിപാടികൾ കഴിഞ്ഞ് ആളുകൾ കൂടുന്നിടത്ത് പോകുന്നതാണെന്നാണ് അദ്ദേഹം ന്യായീകരിച്ചത്. അതേസമയം, കലക്ടർ വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്ന് യു.ഡി.എഫ് പ്രതികരിച്ചു.
Summary: The Pathanamthitta district collector sought explanation from Pathanamthitta LDF candidate Thomas Isaac on the complaint of violation of election code of conduct.