കെ.വിദ്യ അട്ടപ്പാടി കോളേജിൽ നൽകിയതും വ്യാജ രേഖകളെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ്
|ബയോഡാറ്റയിലും വിദ്യ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്
തൃശൂർ: മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ അട്ടപ്പാടി കോളേജിൽ നൽകിയതും വ്യാജ രേഖകളെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ മഹാരാജാസ് കോളേജിലെതെന്ന് തോന്നുന്ന വിധമാണ് രേഖയിലെ ഒപ്പും സീലുമുള്ളത്. ബയോഡാറ്റയിലും വിദ്യ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് കൊളജിയേറ്റ് സംഘം കോളേജ് വിദ്യഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറി.
സീൽഡ് കവറിൽ പ്രത്യേക ദൂതൻ വഴിയാണ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ പതിനാറാം തീയതി തൃശ്ശൂരിൽ നിന്നുള്ള കോളേജ് വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും അട്ടപ്പാടി കോളജിൽ എത്തി പരിശോധന നടത്തിയിരുന്നു.
അതേസമയം, മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
വിദ്യക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നുമാണ് വിദ്യയുടെ ഹരജിയിലുള്ളത്.ചോദ്യം ചെയ്യലുമായി ഏത് ഘട്ടത്തിലും സഹകരിക്കാമെന്നും ഹരജിയിലുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.