കാലിക്കറ്റ് സർവകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ ആധിപത്യമുള്ള കോളജുകളിൽ യു.ഡി.എസ്.എഫിന് ജയം
|പതിറ്റാണ്ടുകളായി എസ്.എഫ്.ഐ ആധിപത്യം പുലർത്തിയ കോളജുകളിലാണ് യു.ഡി.എസ്.എഫ് മുന്നണി ഇത്തവണ നേട്ടമുണ്ടാക്കിയത്.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകളായി എസ്.എഫ്.ഐ കൈവശം വെച്ചിരുന്ന കോളജുകളിൽ യു.ഡി.എസ്.എഫിന് ജയം. പാലക്കാട് ജില്ലയിൽ വിക്ടോറിയ കോളജിലടക്കം ആറിടത്ത് യു.ഡി.എസ്.എഫ് വിജയിച്ചു. എന്നാൽ ജില്ലയിൽ എസ്.എഫ്.ഐ മേധാവിത്വം നിലനിർത്തി.
പതിറ്റാണ്ടുകളായി എസ്.എഫ്.ഐ ആധിപത്യം പുലർത്തിയ കോളജുകളിലാണ് യു.ഡി.എസ്.എഫ് മുന്നണി ഇത്തവണ നേട്ടമുണ്ടാക്കിയത്, മഞ്ചേരി എൻ.എസ്.എസ്, നാദാപുരം, തൃത്താല, തവനൂർ ഗവ. കോളജുകൾ യു.ഡി.എസ്.എഫ് നേടി. പാലക്കാട് വിക്ടോറിയ കോളേജ്, പട്ടാമ്പി എൻ.എസ്.എസ് കോളജ് തുടങ്ങിയ പാലക്കാട് ജില്ലയിലെ കാമ്പസുകൾ എസ്.എഫ്.ഐയിൽ നിന്ന് പിടിച്ചെടുത്ത കെ.എസ്.യു മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്.
മലപ്പുറം ജില്ലയിൽ ഗവൺമെന്റ് കോളേജുകളിൽ അടക്കം എം.എസ്.എഫ് നേട്ടം കൊയ്തു. 28 കോളജുകളിൽ ഒറ്റക്കും 15 കോളജിൽ മുന്നണിയായും എം.എസ്.എഫ് ഭരണം നേടി. നാല് കോളജുകളിൽ ഒറ്റക്കും 15 കോളജുകളിൽ സംഖ്യമായും യൂണിയൻ വിജയിച്ച ഫ്രറ്റേണിറ്റിയും മികച്ച നേട്ടമുണ്ടാക്കി. 120 കോളജുകളിൽ യൂണിയൻ ഭരണം നേടിയ എസ്.എഫ്.ഐ തന്നെയാണ് ഇത്തവണയും മുമ്പിലെത്തിയത്. കേരളവർമ കോളജ്, മീഞ്ചന്ത ആർട്സ് കോളജ്, ക്രിസ്ത്യൻ കോളജ്, പഴശ്ശിരാജ കോളജ് തുടങ്ങിയ പ്രധാന കാമ്പസുകൾ എസ്.എഫ്.ഐ നിലനിർത്തി.